‘സാമൂഹ്യമാധ്യമങ്ങള്‍ സാമൂഹ്യധര്‍മ്മം പാലിക്കണം’; ഹനാന്‍ വിഷയത്തില്‍ പ്രതികരണവുമായി എംവി ജയരാജന്‍

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഹനാന്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹമാധ്യങ്ങള്‍ക്ക് എതിരെ വിമര്‍ശനുമായി സിപിഐഎം നേതാവ് എംവി ജയരാജന്‍. സാമൂഹമാധ്യമങ്ങള്‍ സാമൂഹ്യധര്‍മ്മം പാലിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ ഏറെ സന്തോഷമായിരുന്നു. കാരണം ജനങ്ങള്‍ ഉടമകളായ മാധ്യമമാണ് അത്. ജനങ്ങളോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള ഒരു മാധ്യമശൃംഖലയായതിനാല്‍ ആദ്യകാലത്ത് വലിയ പ്രതീക്ഷയും ചലനങ്ങളും സൃഷ്ടിച്ചു. ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്‌റ്റേറ്റായ അച്ചടി ദൃശ്യമാധ്യമങ്ങള്‍ ഉടമകളുടെ താല്പര്യമനുസരിച്ച് വര്‍ഗ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നു. ബൂര്‍ഷ്വാമാധ്യമങ്ങള്‍ പൊതുവില്‍ ചൂഷകവര്‍ഗ താല്പര്യമാണ് സംരക്ഷിക്കുന്നത്. വ്യാജ വാര്‍ത്താ സൃഷ്ടിയിലൂടെയും പെയ്ഡ് ന്യൂസിലൂടെയും വാര്‍ത്താ തമസ്‌കരണത്തിലൂടെയും സത്യമറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. മാധ്യമമേഖല മര്‍ഡോക്ക് അടക്കമുള്ള കുത്തകകള്‍ കൈയ്യടക്കി. ചെറുകിട അച്ചടി ദൃശ്യ മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ വിഴുങ്ങി. ആ സന്ദര്‍ഭത്തിലാണ് വാര്‍ത്താവിനിമയമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കി നവമാധ്യമങ്ങള്‍ കടന്നുവന്നത്. നവമാധ്യമങ്ങള്‍ക്ക് അനന്തമായ സാധ്യതകളുണ്ടായി. എന്നാല്‍ വിചാരവും വിവേകവും അനിവാര്യമായി വേണ്ടിടത്ത് നവമാധ്യമങ്ങളില്‍ ഇടപെടുന്ന ചിലരെങ്കിലും തെറ്റായ വഴികളിലൂടെ സഞ്ചരിക്കുകയാണ്.

ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ‘ഹനാന്‍’. അദ്ധ്വാനിച്ച് ജീവിക്കുന്നവരെ അപമാനിക്കാനും ഉപദ്രവിക്കുവാനുമുള്ള ഒരിടമല്ല സൈബര്‍സ്‌പേസ്. ഹനാന്‍ കല്ലുമാലവിറ്റും മീന്‍വിറ്റുമാണ് പഠനത്തിനും കുടുംബകാര്യങ്ങള്‍ക്കും പണം കണ്ടെത്തുന്നത്. അത്തരം ജീവിതം അന്തസ്സില്ലാത്തതല്ല. അദ്ധ്വാനം മഹത്തരമാണ്. സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കുക, പഠിക്കുക എന്നത് അതിമഹത്തരമാണ്. ആ മഹത്തരമായ കാര്യത്തെയാണ് നവമാധ്യമങ്ങളിലെ കല്ലേറുകാര്‍ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്തത്. ഒരുകൂട്ടര്‍, തട്ടം ധരിച്ചില്ലെന്നും സിനിമയിലെ എക്‌സ്ട്രാ ആര്‍ട്ടിസ്റ്റാണെന്നും പരിഹാസച്ചുവയോടെ വിവരിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ പൊലീസിനെ കുറ്റപ്പെടുത്തുന്നു. ഇത്തരം പോസ്റ്റുകളുടെ ഫലമായി പാവപ്പെട്ട കുടുംബത്തിലെ ഒരംഗം സ്വന്തമായി അദ്ധ്വാനിച്ച് പഠിക്കുകയും കുടുംബത്തെ പോറ്റുകയും ചെയ്യുന്നു എന്ന സത്യം ചതഞ്ഞരയുന്നു എന്നും ജയരാജന്‍ പറഞ്ഞു.

നവമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടാവണം. ജനങ്ങളോടും സമൂഹത്തോടും പ്രതിബദ്ധതയുണ്ടാവണം. പലപ്പോഴും വ്യാജവാര്‍ത്തകളും പ്രകോപനസന്ദേശങ്ങളും വഴി നവമാധ്യമങ്ങളിലൂടെ യുവതലമുറയെ വഴിതെറ്റിക്കുന്ന പ്രവണതയുണ്ട്. സേവനദാതാക്കള്‍ക്കാണെങ്കില്‍ വ്യാജവാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിച്ച് നിയന്ത്രിക്കാനുള്ള സംവിധാനവുമില്ല. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ അത് നേരായ രീതിയില്‍ ഉപയോഗിക്കുകമാത്രമാണ് പോംവഴി. കൈമാറിക്കിട്ടുന്ന വിവരങ്ങളുടെ ആധികാരികത അറിഞ്ഞ് മാത്രമേ അത് പ്രചരിപ്പിക്കൂ എന്ന് ഓരോ ആളും തീരുമാനിച്ചാല്‍ തന്നെ നല്ല മാറ്റമുണ്ടാകും. ആക്രമണത്തിനും ആള്‍ക്കൂട്ട കൊലപാതകത്തിനും പല സോഷ്യല്‍മീഡിയ ഇടപെടലുകളും ഇടയാക്കുന്നുണ്ട്. സാക്ഷരകേരളത്തിന് അപമാനമുണ്ടാക്കിക്കൊണ്ടാണ് വാട്ട്‌സ്ആപ്പ് ഹര്‍ത്താല്‍ നടന്നത്. ആര്‍എസ്എസ് പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനയായിരുന്നു വാട്ട്‌സ്ആപ്പ് ഹര്‍ത്താലിന് പിന്നില്‍. അത് പിന്നീടാണ് കേരളം തിരിച്ചറിഞ്ഞത്.

ജീവിച്ചിരിക്കുന്ന നിരവധി പ്രമുഖരെ നവമാധ്യമങ്ങളിലൂടെ ‘കൊലപ്പെടുത്തി’യിട്ടുണ്ട്. പിന്നീട് ഇവര്‍ക്കൊക്കെ ‘താന്‍ മരിച്ചില്ലെന്നും, ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും’ പത്രംസമ്മേളനം നടത്തി പറയേണ്ടിവന്നു. ഇതെല്ലാം സൈബര്‍ കുറ്റകൃത്യങ്ങള്‍ മാത്രമല്ല, സാമൂഹ്യവിരുദ്ധകൃത്യങ്ങള്‍ കൂടിയാണ്. വ്യക്തിഹത്യയ്ക്കുള്ള വേദിയല്ല, നവമാധ്യമങ്ങള്‍. ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള വേദിയാവണം. വസ്തുതാപരമായ വിവരങ്ങള്‍ അതിവേഗം കൈമാറാനുള്ള ഉപകരണമാവണം. ദുരിതമനുഭവിക്കുന്നവര്‍ക്കും ഇരകള്‍ക്കും ചൂഷിതര്‍ക്കും പോരാളികള്‍ക്കും ആശയപരമായ കരുത്തും ശക്തിയുമായി നവമാധ്യമങ്ങളില്‍ ഇടപെടുന്നവരുണ്ട് എന്ന കാര്യം മറക്കുന്നില്ല. പുരോഗമന വീക്ഷണത്തോടെ ജനങ്ങളുടെ ശബ്ദമായി നവമാധ്യമങ്ങളെ മാറ്റിയെടുക്കുക തന്നെ വേണം എംവി ജയരാജന്‍ പറഞ്ഞു.

DONT MISS
Top