“രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചാല്‍ ഞങ്ങളെ ഭാര്യമാര്‍ ഉപേക്ഷിക്കും”: ബിജെപി എംപി

ദില്ലി: രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചാല്‍ ഭാര്യമാര്‍ തങ്ങളെ ഉപേക്ഷിക്കുമെന്ന് ബിജെപി എംപി. ഭരണഘടനയിലെ 377 ആം വകുപ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചാല്‍ ഭാര്യമാര്‍ തങ്ങളില്‍ നിന്ന് വിവാഹമോചനം നേടുമെന്നുമാണ് നിഷികാന്ത് ദുബെയുടെ അഭിപ്രായം. ഇപ്പോള്‍ തന്നെ കാണുമ്പോള്‍ ബിജെപി എംപിമാര്‍ കെട്ടിപ്പിടിക്കുമോ എന്ന് ഭയന്ന് രണ്ടടി പിന്നോട്ട് വയ്ക്കുകയാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ കളിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദുബെയുടെ പ്രതികരണം വന്നിരിക്കുന്നത്.

“എന്തിന് ഞങ്ങള്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കണം. 377 ആം വകുപ്പ് ഇതുവരെയും നിരോധിച്ചിട്ടില്ല. അതിനാല്‍ ഞങ്ങളുടെ ഭാര്യമാര്‍ ഞങ്ങളെ ഉപേക്ഷിക്കും. രാഹുല്‍ ഗാന്ധി കല്യാണം കഴിച്ചതിന് ശേഷം ഞങ്ങള്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കാം”. ദുബെ പറഞ്ഞു.

സ്വവര്‍ഗരതി കുറ്റകരമാക്കുന്നതാണ് ഭരണഘടനയിലെ 377 ആം വകുപ്പ്. ലോക്‌സഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോടെയാണ് രാഹുല്‍ ഗാന്ധിയുടെ ആലിംഗനം ഒരു ചര്‍ച്ചയായി മാറിയത്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന വന്നത്. കെട്ടിപ്പിടിക്കുമെന്ന് പേടിച്ച് തന്നെ കാണുമ്പോള്‍ ബിജെപി നേതാക്കള്‍ ഇപ്പോള്‍ രണ്ടടി പിന്നോട്ട് മാറുകയാണെന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

എതിരാളികളെ വെറുക്കേണ്ട കാര്യമില്ലെന്നും സ്‌നേഹിച്ച് കൊണ്ടുതന്നെ അവര്‍ക്കെതിരെ പോരാടാമെന്നും അതാണ് താന്‍ പിന്തുടരുന്നതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു. മോദിയെ ആലിംഗനം ചെയ്തതിന്റെ പേരില്‍ ബിജെപി നേതാക്കളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ രാഹുല്‍ നേരിട്ടിരുന്നു.

DONT MISS
Top