ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു: പാകിസ്താനില്‍ തൂക്കുസഭ, ഇമ്രാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൂക്കിസഭയ്ക്കാണ് ഇന്ത്യയുടെ അയല്‍രാജ്യം കൂടിയായ പാകിസ്താന്‍ ഇത്തവണ സാക്ഷ്യം വഹിക്കുക. തെരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്‌രിക്-ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 251 സീറ്റുകളിലെ ഫലപ്രഖ്യാപനം പുറത്തുവന്നപ്പോള്‍ 110 സീറ്റുകളിലാണ് പിടിഐ വിജയിച്ചിരിക്കുന്നത്.

ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വെള്ളിയാഴ്ചയാണ് നടന്നത്. മന്ത്രിസഭാ രൂപീകരണത്തിന് ഇമ്രാന്‍ അവകാശവാദം ഉന്നയിച്ചു. മറ്റ് കക്ഷികളുടെ പിന്തുണയോടെ മാത്രമെ ഇമ്രാന്‍ ഖാന് പ്രധാനമന്ത്രി പദത്തിലെത്താനാകു. 272 സീറ്റുകളുള്ള നാഷണല്‍ അസംബ്ലിയില്‍ കേവലഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. 271 പാര്‍ലമെന്റ് സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യകളിലെ 577 മണ്ഡലങ്ങളിലേക്കുമാണ് ജൂലൈ 25 ന് തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് മുന്‍ പ്രധാമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ് (എന്‍) വ്യക്തമാക്കി. വോട്ടെടുപ്പില്‍ കൃത്രിമം നടന്നെന്നും തെരഞ്ഞെടുപ്പ് ഫലം കെട്ടിച്ചമച്ചതാണെന്നും പാര്‍ട്ടി ആരോപിച്ചു.


തെരഞ്ഞെടുപ്പ് നടന്ന നാഷണല്‍ അസംബ്ലിയിലെ 272 സീറ്റുകളില്‍ 110 സീറ്റുകള്‍ നേടിയാണ് ഇമ്രാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. പിടിഐ പാര്‍ട്ടിയുടെ മുഖ്യഎതിരാളികളായിരുന്ന പാകിസ്താന്‍ മുസ്‌ലിം ലീഗ് (എന്‍) 63 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 42 സീറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി.

കശ്മീര്‍ വിഷയം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇസ്‌ലാമാബാദില്‍ മാധ്യമങ്ങളെ കാണവെയാണ് അദ്ദേഹം കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിച്ചത്. കശ്മീര്‍ ഞങ്ങളുടെ വലിയ കലഹമായി നിലനില്‍ക്കുകയാണ്. ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് ചര്‍ച്ചകള്‍ ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കണം. ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയുടെ നേതൃത്വം തയ്യാറാണെങ്കില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ താന്‍ തയ്യാറാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം ഉപഭൂഖണ്ഡത്തിനും ഗുണകരമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഒരു ചുവട് മുന്നോട്ടുവച്ചാല്‍ രണ്ട് ചുവട് മുന്നോട്ട് വയ്ക്കും എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വാണിജ്യബന്ധവും മെച്ചപ്പെടുത്തണം. ഉപഭൂഖണ്ഡത്തിലെ ദാരിദ്രം മാറാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നല്ല വ്യാപാര ബന്ധം ഉണ്ടാകണം. എന്നാല്‍ കുറച്ച് മാസങ്ങള്‍ മുന്‍പ് ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ ചിത്രീകരിച്ച രീതി കണ്ട് തനിക്ക് ദുഃഖമുണ്ടായതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

DONT MISS
Top