കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു; മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശിച്ചു

കരുണാനിധി(ഫയല്‍)

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ എല്ലാം തന്നെ അദ്ദേഹത്തെ കാണാനായി വസതിയില്‍ എത്തിച്ചേര്‍ന്നു. ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.

ഗോപാലപുരത്തുള്ള വസതിയില്‍ തന്നെയാണ് കരുണാനിധി ചികിത്സയില്‍ കഴിയുന്നത്. കാവേരി ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. മൂത്രാശത്തിലെ അണുബാധയും ഒപ്പം പനിയുമാണ് കരുണാനിധിക്ക് ഉള്ളത്. ഇതിനുള്ള ചികിത്സയാണ് അദ്ദേഹത്തിന് ഇപ്പോള്‍ നല്‍കുന്നതെന്ന് കരുണ ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

കരുണാനിധിയുടെ വീട്ടില്‍ എത്തിയ പനീര്‍ശെല്‍വവും കുടെയുണ്ടായിരുന്ന മന്ത്രിമാരും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും കരുണാനിധിയുടെ മകനുമായ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യം വീണ്ടെടുത്ത് കരുണാനിധി തിരിച്ചവരും എന്ന് സന്ദര്‍ശനത്തിനുശേഷം പനീര്‍ശെല്‍വം പറഞ്ഞു.

അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു കരുണാനിധി. എന്നാല്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി പൊതു പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. 1969ല്‍ ഡിഎംകെയുടെ സ്ഥാപക നേതാവായ സിഎന്‍ അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്

DONT MISS
Top