കൊല്ലത്ത് തര്‍ക്കത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണ് മരിച്ചു

പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലം അഞ്ചലില്‍ വനിത സുഹൃത്തിന്റെ വീട്ടില്‍ വച്ച് മറ്റൊരു യുവാവുമായി ഉണ്ടായ തര്‍ക്കത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണു മരിച്ചു. അഞ്ചല്‍ സ്വദേശി ലാലുവാണ് മരിച്ചത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കൊല്ലം അഞ്ചലില്‍ അഗസ്ത്യകോട് താമസിക്കുന്ന യുവതിയുടെ വീട്ടിലാണ് സംഭവം. മൂന്നു മാസമായി ഇവര്‍ ഇവിടെ താമിക്കുന്നുണ്ട്. ഇവരുടെ വീട്ടിലേക്ക് ആയൂര്‍ സ്വദേശിയായ യുവാവ് മാതാവുമായി എത്തി. അവിടെ വെച്ച് അഞ്ചല്‍ സ്വദേശി ലാലുവിനെ കണ്ടതോടെ തര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ ലാലു വീട്ടില്‍ നിന്ന് ഇറങ്ങിയോടി. സമീപത്തെ പൊട്ടക്കിണറ്റില്‍ വീണ ലാലു മരണപ്പെട്ടു. പുനലൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് ലാലുവിന്റെ മൃതദേഹം പുറത്തെടുത്തത്.

സംഘര്‍ഷത്തില്‍ യുവതിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ അഞ്ചലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം ഇവരെ വിദഗ്ത ചികിത്സകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ആയൂര്‍ സ്വദേശിയായ യുവാവ്, ഇയാളുടെ മാതാവ്, ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയുടെ ഡ്രൈവര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലാലുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

DONT MISS
Top