ചരിത്രത്തില്‍ പിഴച്ച് വീണ്ടും ബിജെപി; ഹുമയൂണ്‍ മരണക്കിടക്കയില്‍വച്ച് ബാബറിനോട് പശുക്കളെ ആദരിക്കണം എന്ന് പറഞ്ഞിരുന്നതായി രാജസ്ഥാനിലെ  അധ്യക്ഷന്‍

മദന്‍ ലാല്‍ സൈനി

ജയ്പൂര്‍: അല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കവെ ദിനംപ്രതി പുതിയ കണ്ടെത്തലുകളുമായാണ് ബിജെപി നേതാക്കള്‍ രംഗത്തെത്തുന്നത്. രാജസ്ഥാനിലെ ബിജെപി അധ്യക്ഷനായ മദന്‍ ലാല്‍ സൈനിയാണ് പുതിയ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഭരണം നടത്തണമെങ്കില്‍ പശു, ബ്രാഹ്മണര്‍, സ്ത്രീകള്‍ എന്നിവരെ ആദരിക്കേണ്ടിവരും എന്ന നിര്‍ദേശം മരണക്കിടക്കയില്‍ വച്ച് മുഗള്‍ ഭരണാധികാരിയായ ഹുമയൂണ്‍ ബാബറിന് നല്‍കിയിരുന്നു എന്നതാണ് മദന്‍ ലാലിന്റെ കണ്ടെത്തല്‍.

എന്നാല്‍ മദല്‍ ലാലിന്റെ പ്രസ്താവനയില്‍ ചരിത്ര പിശകുകളും ഉണ്ട്. ഹുമയൂണിന്റെ പിതാവാണ് ബാബര്‍. 1531 ലാണ് ബാബര്‍ മരിച്ചത്. ഹുമയൂണാകട്ടെ 25 വര്‍ഷങ്ങള്‍ക്കുശേഷം 1556 ലുമാണ് മരിക്കുന്നത്.  നിലവിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മദന്‍ ലാല്‍ തെറ്റായ കാര്യങ്ങള്‍ പറയുകയാണ് എന്നാണ് ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് പറയുന്നത്. ഇന്ത്യയുടെ ചരിത്രത്തെ ഇത്തരത്തില്‍ പല തവണ ബിജെപി നേതാക്കള്‍ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട്.

അല്‍വാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ തെലുങ്കാനയിലെ ബിജെപി നേതാവായ ടി രാജസിംഗും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും കഴിഞ്ഞ ദിവസങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും അവസാനിക്കും എന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും പറഞ്ഞത്. ആള്‍ക്കൂട്ട കൊലപാതകങ്ങളെ സ്വാഗതം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങളും ഇല്ലാതാകും എന്നാണ് അദ്ദേഹം പറഞ്ഞത്. പശുവിനെ രാഷ്ട്രമാതാവാക്കുന്നതുവരെ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുമെന്നാണ് രാജസിംഗ് പറഞ്ഞത്.

DONT MISS
Top