അഭിമന്യു കൊലപാതകം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാനസെക്രട്ടറി പിടിയില്‍

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. മുഖ്യപ്രതികളില്‍ ഒരാളായ മുഹമ്മദ് റിഫയാണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് റിഫ. കൊലപാതകത്തിന്റെ സൂത്രധാരനാണ് മുഹമ്മദ് റിഫയെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ബംഗളുരുവില്‍ നിന്നാണ് റിഫയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുഹമ്മദ് റിഫയുടെ നേതൃത്വത്തിലാണ് ക്യാമ്പസ് ഫ്രണ്ട് നേതാക്കള്‍ കോളെജിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. റിഫറയുടെ അറസ്റ്റോടെ കേസില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. കൊലപാതകത്തില്‍ മുഖ്യപ്രതികളായി മുഹമ്മദ് എന്ന് പേരുള്ള രണ്ട് പേരുണ്ടെന്ന് ആദ്യം മുതല്‍ സൂചന ഉണ്ടായിരുന്നു. ഇതില്‍ മുഹമ്മദലി എന്ന കോളെജ് വിദ്യാര്‍ത്ഥിയെ ജൂലൈ 18 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂര്‍ തലശേരി സ്വദേശിയായ മുഹമ്മദ് റിഫ നിയമവിദ്യാര്‍ത്ഥിയാണ്. പൂത്തോട്ട എസ്എന്‍ ലാ കോളെജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റിഫ. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസവും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈ ഒന്നിന് പുലര്‍ച്ചെയാണ് അഭിമന്യു കോളെജ് ക്യാമ്പസിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ചുവരെഴുത്ത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

DONT MISS
Top