ട്രോളില്‍ അല്‍പം കാര്യം; ട്രോള്‍ കേരള ലക്ഷ്യമിടുന്നത് ആക്ഷേപഹാസ്യത്തിനൊപ്പം സാമൂഹ്യ നന്മയും


ട്രോളന്മാരുടെ സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കുകയാണ് ട്രോള്‍ കേരള എന്ന ഫേസ്ബുക്ക് കൂട്ടായ്മ. സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മ കൂടിയാണ് ഈ ട്രോള്‍ ഗ്രൂപ്പ്. 2014 സെപ്തംബറില്‍ ചാര്‍ളി അച്ചായന്‍ എന്നറിയപ്പെടുന്ന പത്തനംതിട്ട അടൂര്‍ സ്വദേശിയായ അനീഷ് ആരംഭിച്ച പേജ് ഇന്ന് നാല് ലക്ഷത്തി അറുപത്തി അയ്യായിരത്തിലധികം ആളുകള്‍ പിന്തുടരുന്നുണ്ട്.

ആദ്യം തനിച്ചായിരുന്നു ട്രോളുകള്‍ ഉണ്ടാക്കി ഇടുന്നത്. പിന്നീട് ലൈക്കുകള്‍ കൂടിയതോടെ പോസ്റ്റുകളുടെ എണ്ണം നിയന്ത്രണാതീതമായി. അപ്പോഴാണ് ട്രോളന്മാരെ എല്ലാവരേയും ഉള്‍പ്പെടുത്തി ഗ്രൂപ്പ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ 13 അംഗ മോഡറേറ്റര്‍മാരും അനീഷിനൊപ്പമുണ്ട്. ഫാന്‍ഫൈറ്റ്, സ്ത്രീ വിരുദ്ധ പോസ്റ്റുകള്‍, രാഷ്ട്രീയ പോസ്റ്റുകള്‍ എന്നിവയ്ക്ക് ഗ്രൂപ്പില്‍ കര്‍ശന നിയന്ത്രണമുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫേസ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഗ്രൂപ്പിനെതിരെ ഈയിടെയാണ് എക്‌സൈസിന്റെ പരാതിപ്രകാരം കേസെടുത്തത്. എന്നാല്‍ ട്രോള്‍ കേരള എന്ന പേജാവട്ടെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ നിരവധിയായ സാമൂഹ്യ വിഷയങ്ങളിലെ ഇടപെടല്‍ കൊണ്ട് ശ്രദ്ധനേടിയിട്ടുണ്ട്. സഹോദരന് നീതിലഭിക്കുവാന്‍ പോരാടിയ ശ്രീജിത്ത് വിഷയത്തില്‍ ശക്തമായ ഇടപെടലാണ് ട്രോള്‍ കേരള നടത്തിയത്. കണ്ണൂരിലെ ആര്യമോള്‍, നഴ്‌സുമാരുടെ സമരം തുടങ്ങി സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളും ശ്രദ്ധിക്കപ്പെട്ടു.

ഇക്കഴിഞ്ഞ ജൂണ്‍ 30ന് ട്രോള്‍കേരള തിരുവനന്തപുരം മൃതസഞ്ജീവനിയുമായി സഹകരിച്ച് അവയവദാന പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു ഒരു മാസത്തിനിടെ ഏതാണ്ട് നൂറോളം പേര്‍ ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി. വരും നാളുകളിലും പ്രവര്‍ത്തനം ശ്കതമാക്കാനാണ് അഡ്മിന്‍ പാനലിന്റെ തീരുമാനം. അതോടൊപ്പം നിരവധിയായ കുട്ടികള്‍ക്ക് പഠനസഹായം, നിരാലംബരായ ആളുകള്‍ക്ക് കൈസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും ട്രോള്‍കേരള സജീവമാകുന്നു.’

ഭരണകൂടത്തിന്റെ നീതിലഭിക്കാന്‍ വൈകുന്ന, മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയാത്ത ഒട്ടനേകംപേര്‍ നമ്മുടെ ഓരോരുത്തരുടേയും ചുറ്റുവട്ടങ്ങളില്‍ കണ്ണ് തുറന്നുനോക്കി ശ്രദ്ധിച്ചാല്‍ നമുക്ക് കാണുവാന്‍ കഴിയും അങ്ങനെ ഉള്ളവരെ കണ്ടെത്തി സഹായിക്കുവാന്‍ ട്രോള്‍ കേരള ഉണ്ടാകുമെന്നാണ് അഡ്മിന്‍ പറയുന്നത്. ജാതി, മത രാഷ്ട്രീയ വേര്‍തിരിവ് ചിന്താഗതികള്‍ ഒന്നും തന്നെ വേണ്ടേ വേണ്ട ഒരു ചെറിയ പരിശ്രമം മാത്രമാണ്, നമ്മുടെ ട്രോള്‍ കേരള ഗ്രൂപ്പ് കൂട്ടായ്മയിലൂടെ അവര്‍ക്ക് നന്മകളും നീതിയും ലഭിക്കട്ടെയെന്നും ചാര്‍ളി കൂട്ടിച്ചേര്‍ക്കുന്നു.

DONT MISS
Top