ഹനാന് അനുമോദന പ്രവാഹം; തുടര്‍ ചെലവുകളെല്ലാം പഠിക്കുന്ന കോളെജ് വക; രണ്ട് സിനിമകളിലേക്ക് ക്ഷണം

കൊച്ചി: പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളെജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന തൃശ്ശൂര്‍ സ്വദേശിനി ഹനാന് അനുമോദന പ്രവാഹം. ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റയ്ക്കു പൊരുതി കരകയറാനുള്ള ശ്രമത്തില്‍ എല്ലാം പ്രതിബന്ധങ്ങളേയും ചങ്കുറപ്പോടെ നേരിടുന്ന ഈ പെണ്‍കുട്ടിക്ക് നിരവധി ഭാഗത്തുനിന്ന് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് ഒരു മണിക്കൂര്‍ പഠിച്ചതിന് ശേഷം കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍ മാര്‍ക്കറ്റിലെത്തി മീന്‍ വാങ്ങി തമ്മനത്തെത്തും. മീന്‍ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും. പിന്നീട് കോളെജിലേക്ക്. മാടവനയില്‍ വാടകവീട്ടില്‍ മടങ്ങിയെത്തിയാല്‍ കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലേക്ക് ഹനാന്‍ പഠനത്തിനായി പോകും. വൈകുന്നേരം തമ്മനത്ത് മടങ്ങിയെത്തിയാണ് രാവിലെ വാങ്ങിവച്ച മീന്‍ വില്‍ക്കുക.

ഡോക്ടറാവണമെന്നായിരുന്നു പണ്ട് ഹനാന്റെ സ്വപ്‌നം. എറണാകുളത്തെത്തി കോള്‍ സെന്ററിലും ഓഫീസിലും ഒരു വര്‍ഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെയാണ് പണം കണ്ടെത്തിത്. ഇതിനിടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മ മാനസികമായി തകര്‍ന്നു. സഹോദരന്‍ പ്ലസ് ടുവിന് പഠിക്കുന്നു. 10 മുതല്‍ പ്ലസ് ടു വരെയുള്ള കാലം വീടുകള്‍തോറും കയറിയിറങ്ങി ട്യൂഷന്‍ എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന്‍ പഠനത്തിന് പണം കണ്ടെത്തിയത്. ആദ്യം മീന്‍ വില്‍ക്കാന്‍ ഒരാള്‍ കൂട്ടുണ്ടായിരുന്നെങ്കിലും പിന്നീട് കച്ചവടം ഒറ്റയ്ക്കായി. ഇപ്പോള്‍ ഒരു സിമിനാ നടി ആകുക എന്നതാണ് ഹനാന്‍ ആഗ്രഹിക്കുന്നത്.

ഇക്കാര്യങ്ങള്‍ പുറം ലോകമറിഞ്ഞതോടെയാണ് ഹനാന് നിരവധി വാഗ്ദാനങ്ങള്‍ ലഭിക്കുന്നത്. തുടര്‍ പഠനത്തിനുള്ള എല്ലാ ചെലവും പഠിക്കുന്ന കോളെജ് തന്നെ വഹിക്കാമെന്നേറ്റു. കോളെജ് തന്നെ ഹനാന് ജോലിയും നല്‍കും. രണ്ട് സിനിമകളിലേക്ക് ഓഫര്‍ ലഭിച്ചു. വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രത്തിലേക്കുമാണ് ഓഫര്‍ ലഭിച്ചിരിക്കുന്നത്. ഹനാന്റെ കഥയറിയുന്ന ആരും പറയും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ സൗഭാഗ്യങ്ങള്‍ ഈ പെണ്‍കുട്ടിയുടെ ചങ്കുറപ്പിന് ലഭിച്ച പ്രതിഫലം തന്നെയാണെന്ന്.

DONT MISS
Top