ശബരിമല: ആരാധനയ്ക്കുള്ള ഭരണഘടനാപരമായ അവകാശത്തില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് എങ്ങനെയെന്ന് സുപ്രിം കോടതി

ഫയല്‍ ചിത്രം

ദില്ലി: ശബരിമലയിലെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനയുടെ സംരക്ഷണം ഉണ്ടെന്ന് എന്‍എസ്എസ് സുപ്രിം കോടതിയില്‍. അമിതാവേശത്തിന്റെ പേരിലാണ് സ്ത്രീപ്രവേശന ആവശ്യമെന്നും അതംഗീകരിച്ചാല്‍ ത്രിശങ്കു സ്വര്‍ഗ്ഗമാണ് ഉണ്ടാവുകയെന്നും എന്‍എസ്എസ് വാദിച്ചു. ആരാധനയ്ക്കുള്ള ഭരണഘടനാപരമായ അവകാശത്തില്‍ നിന്ന് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണങ്ങള്‍ തുടരണമെന്ന ദേവസ്വം ബോര്‍ഡ് നിലപാടിനെ പിന്തുണച്ചായിരുന്നു എന്‍എസ്എസ് വാദം. ശബരിമലയിലെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനാപരമായ സംരക്ഷണമുണ്ട്. ശബരിമലയില്‍ എത്തുന്നവര്‍ മനസ്സിലും പ്രത്യക്ഷത്തിലും ബ്രാമചര്യം അനുഷ്ഠിക്കണം. ആരാധനയ്ക്കായി വരുന്നവര്‍ യുവതികള്‍ക്ക് ഒപ്പം വരുന്നത് ഇതിന് വിഘാതമാകും. നിയന്ത്രണങ്ങള്‍ സ്ത്രീ വിരുദ്ധതയായി വ്യാഖ്യാനിക്കരുതെന്നും എന്‍എസ്എസിന് വേണ്ടി പരാശരന്‍ വാദിച്ചു.

എന്നാല്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് എങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം. ആരാധനാലയങ്ങള്‍ എല്ലാവര്‍ക്കും തുറന്നു കൊടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുണ്ടെന്നും ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഭരണഘടനയുടെ 25ആം അനുച്ഛേദത്തില്‍ പിന്നാക്ക വിഭാഗക്കാരുടെ പ്രവേശനം മാത്രമാണ് പ്രതിപാദിക്കുന്നതെന്ന് എന്‍എസ്എസ് വിശദീകരിച്ചു. നാളെ ശബരിമല തന്ത്രിയുടെ വാദം നടക്കും. കേസില്‍ കക്ഷി ചേര്‍ന്ന അയ്യപ്പസേവ സംഘങ്ങള്‍ അടക്കമുള്ളവര്‍ക്ക് വാദിക്കാന്‍ അഞ്ചു മിനുട്ട് അനുവദിക്കാനാണ് കോടതിയുടെ തീരുമാനം.

DONT MISS
Top