മന്ത്രി ഔദ്യോഗികമായി ക്ഷണിച്ചു: മോഹന്‍ലാല്‍ പുരസ്‌കാര ദാനച്ചടങ്ങില്‍ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാനചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. മോഹന്‍ലാലിനെ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. ഫോണിലൂടെയാണ് മന്ത്രി മോഹന്‍ലാലിനെ ക്ഷണിച്ചത്. ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി നിലനിന്നിരുന്ന വിവാദങ്ങള്‍ക്കാണ് തിരശീല വീണിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് ലാല്‍ ഉറപ്പ് നല്‍കിയത്.

ചടങ്ങിലേക്ക് ഒരാളെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ ഒരുകൂട്ടം ചലച്ചിത്രപ്രവര്‍ത്തകരും സാംസ്‌കാരിക നായകരും മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മുഖ്യാതിഥിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 107 പേര്‍ ഒപ്പിച്ച ഭീമഹര്‍ജി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവാദം ഉടലെടുത്തത്. എന്നാല്‍ മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കും എന്ന ഉറച്ച നിലപാടിലായിരുന്നു സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാട് മന്ത്രി എകെ ബാലന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്ന് ഔദ്യോഗികമായി ക്ഷണിച്ചത്.

മുഖ്യാതിഥിയെ പങ്കെടുപ്പിക്കുന്നതിലുള്ള പ്രതിഷേധം എന്ന നിലയില്‍ മോഹന്‍ലാലിനെതിരെ നടന്ന നീക്കത്തില്‍ പ്രതിഷേധവുമായി വിവിധ സിനിമ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന ചിലരുടെ ആവശ്യം അംഗീകരിക്കരുതെന്ന് ചൂണ്ടിക്കാട്ടി അമ്മ, ഫെഫ്ക, കേരളാ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ്, കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥിയായി വേറൊരാളെ കൊണ്ടുവരുന്നത് അവാര്‍ഡ് ജേതാക്കളുടെ പ്രാധാന്യം കുറയ്ക്കുമെന്നും അതൊരു മെഗാഷോ ആയി മാറുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനെതിരെ രംഗത്തെത്തിയത്. അതേസമയം, ഭീമഹര്‍ജിയില്‍ പേരുണ്ടായിരുന്ന പലരും തങ്ങളുടെ അറിവോടെയല്ല ഇത്തരമൊരു തീരുമാനമെന്ന് വ്യക്തമാക്കി രംഗത്തെത്തി. കത്തില്‍ ഒന്നാമതായി ഒപ്പിട്ടിരുന്ന നടന്‍ പ്രകാശ് രാജ് മോഹന്‍ലാലിനെ ഒഴിവാക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് വീഡിയോയിലൂടെ വ്യക്തമാക്കി.

ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കണമെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. മോഹന്‍ലാലിന്റെ സാന്നിധ്യം തനിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.

DONT MISS
Top