വെള്ളപ്പൊക്കം: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഗതാഗതവും പ്രതിസന്ധിയില്‍

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയക്കെടുതിയുടെ നേര്‍ക്കാഴ്ചകളിലൊന്നാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ എസി റോഡിലൂടെയുള്ള ഗതാഗതവും പ്രതിസന്ധിയിലായി. വാഹനയാത്രക്കാരും, കാല്‍നടയാത്രക്കാരും അനുഭവിക്കുന്ന ദുരിതം ഇപ്പോഴും തുടരുന്നു.

ആലപ്പുഴ-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന പാതയാണ് ആലപ്പുഴ-ചങ്ങനാശേരി റോഡ്. സംസ്ഥാന പാതയായ ഈ റോഡിലൂടെയുള്ള സഞ്ചാരം ദിവസങ്ങളായി ദുരിതക്കയത്തിലാണ്. കനത്ത മഴയില്‍ പാടശേഖരങ്ങളില്‍ മട വീണ് റോഡിലേയ്ക്ക് ഇരച്ച് കയറിയ വെള്ളം ഇതു വരെ ഇറങ്ങിയിട്ടില്ല. വെള്ളക്കെട്ട് മൂലം ഇതുവഴിയുള്ള വാഹന ഗതാഗതവും നിലച്ചിരുന്നു.

ദിവസങ്ങളായി നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസ് ബസ് സര്‍വ്വീസുകള്‍ ഇന്നലെ മുതല്‍ ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള 25 കിലോമീറ്റര്‍ റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍ തന്നെയാണ്. രണ്ട് ദിവസമായി ജലനിരപ്പ് അല്‍പ്പം കുറഞ്ഞെങ്കിലും ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

പാതിയും വെള്ളത്തില്‍ മുങ്ങിയാണ് എസി റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത്. പല വാഹനങ്ങളും വെള്ളക്കെട്ടിന് നടുവിലെത്തുമ്പോള്‍ നിന്ന് പോകുന്നു.
ട്രാക്ട്രറുകളില്‍ ഇരുചക്രവാഹനങ്ങളെയും, കാല്‍നടയാത്രക്കാരെയും മറുകരയിലെത്തിക്കുന്നുണ്ട്. ഇതിന് 100 രൂപയാണ് ഈടാക്കുന്നത്. മുട്ടിന് മുകളില്‍ വെള്ളമുള്ള റോഡിലൂടെ വലിയ വാഹനങ്ങള്‍ വരെ ഏറെ ബുദ്ധിമുട്ടിയാണ് കടന്ന് പോകുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരുടെ സ്ഥിതിയും പരമ ദയനീയം.

കിലോമീറ്ററുകള്‍ വെള്ളത്തിലൂടെ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. എസി റോഡിന്റെ ഇരുവശങ്ങളിലുള്ള ജലനിരപ്പ് കുറഞ്ഞാല്‍ മാത്രമേ റോഡിലെ വെള്ളക്കെട്ടും ഒഴിവാകൂ. അതിന് ദിവസങ്ങള്‍ വേണ്ടിവരും. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ശാസ്ത്രീയമായി പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമേ ഈ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കഴിയൂ.

DONT MISS
Top