ഫിഫയുടെ മികച്ച താരം; സാധ്യതാ പട്ടികയില്‍ നെയ്മര്‍ ഇല്ല

സൂറിച്ച്: ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള സാധ്യത പട്ടികയില്‍ ബ്രസീല്‍ താരം നെയ്മര്‍ ഇടംനേടിയില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, ഗ്രീസ്മാന്‍ എന്നിവരുള്‍പ്പെടെ പത്ത് കളിക്കാരുടെ സാധ്യതാ പട്ടികയാണ് ഫിഫ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്ന് മുതല്‍ ഈ വര്‍ഷം ജൂലൈ 15 വരെയുള്ള പ്രകടനം വിലയിരുത്തിയാണ് മികച്ച താരത്തെ ഫിഫ കണ്ടെത്തുക.

നേരത്തെ കാല്‍പാദത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്ന നെയ്മര്‍ ലോകകപ്പ് മത്സരങ്ങളിലാണ് തിരിച്ചെത്തിയത്. ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒളിമ്പിക് മാഴ്സെയ്ക്കെതിരേയുള്ള മത്സരത്തില്‍ പിഎസ്ജിക്ക് വേണ്ടി കളിക്കുമ്പോഴാണ് താരത്തിന് പരുക്കേറ്റത്. റാഫേല്‍ വരാന്‍, ലൂക്കാ മോഡ്രിച്ച്, ഹാരി കെയ്ന്‍, കെവിന്‍ ഡി ബ്രയ്ന്‍, ഏദന്‍ ഹസാര്‍ഡ്, മുഹമ്മദ് സലാ, എന്നിവരാണ് സാധ്യതാ പട്ടികയിലെ മറ്റ് കളിക്കാര്‍. സെപ്തംബര്‍ 24 നാണ് ഫലപ്രഖ്യാപനം.

നോര്‍വെയുടെ അഡ ഹെര്‍ബര്‍ഗ് ഉള്‍പ്പെടെ മികച്ച വനിതാ താരങ്ങളുടേയും, ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാം, ക്രൊയേഷ്യയുടെ സ്ലാട്‌കോ ഡാലിച്ച്, എന്നിവരടങ്ങുന്ന പരിശീലകരുടെ സാധ്യതാ പട്ടികയും ഫിഫ പുറത്തിറക്കിയിട്ടുണ്ട്. മാസമില്ലാനോ അല്ലെഗ്രി(യുവന്റസ്), സ്റ്റാനിസ്ലാവ് ചെര്‍ചെസേവ്(റഷ്യ), പെപ് ഗ്വാര്‍ഡിയോള(മാഞ്ചസ്റ്റര്‍ സിറ്റി), റോബര്‍ട്ടോ മാര്‍ടിനെസ്(ബല്‍ജിയം), യുര്‍ഗന്‍ ക്ലോപ്(ലിവര്‍പൂള്‍), ഗാരത് സൗത്‌ഗേറ്റ്(ഇംഗ്ലണ്ട്), സിനദിന്‍ സിദാന്‍(റയല്‍ മാഡ്രിഡ്), ദ്യേഗോ സിമിയോണി(അത്‌ലറ്റികോ മാഡ്രിഡ്), ഏണെസ്‌റ്റോ വാല്‍വെര്‍ദെ(ബാഴ്‌സലോണ), എന്നിവരാണ് ലിസ്റ്റില്‍ ഇടംപിടിച്ച മറ്റ് പരിശീലകര്‍.

DONT MISS
Top