പ്രളയം തകര്‍ത്തത് വര്‍ഷങ്ങളുടെ സമ്പാദ്യം; ദുരന്തമൊഴിയാതെ കുട്ടനാട്

ആലപ്പുഴ: മഴ കുറഞ്ഞെങ്കിലും വെള്ളത്തിന്റെ വെല്ലുവിളിയില്‍ പകച്ചു നില്‍ക്കുകയാണ് കുട്ടനാട്. വെള്ളമിറങ്ങിത്തുടങ്ങിയാല്‍ കുട്ടനാട്ടുകാര്‍ക്ക് ദുരിതപ്പെരുമഴ ആരംഭിക്കും. ഒപ്പം നൂറ്റാണ്ടുകള്‍ക്കിപ്പുറമെത്തിയ പ്രളയത്തിന്റെ ബാക്കിയായി പകര്‍ച്ചവ്യാധികളും പടരും

മഴ തകര്‍ത്തു പാഞ്ഞുകയറിയ വെള്ളം കുട്ടനാടിനെ ഇപ്പോഴും വെല്ലുവിളിക്കുന്നു. വീടുകളില്‍ പാഞ്ഞു കയറിയ വെള്ളം വരുത്തിയ നാശ നഷ്ടങ്ങള്‍ വിലമതിക്കാനാവില്ല. വര്‍ഷങ്ങളുടെ സമ്പാദ്യം പ്രളയം കവര്‍ന്നു. വെള്ളത്താല്‍ പുറത്താക്കപ്പെട്ട കുട്ടനാടന്‍ ജനത തിരികെ വീടുകളിലെത്താന്‍ കാത്തു നില്‍ക്കുകയാണ്. വെള്ളമിറങ്ങിത്തീരുമ്പോള്‍ ബാക്കിയാവുന്നത് പച്ച കെട്ട പാടങ്ങളാണ്. മാസങ്ങളുടെ അധ്വാനമാണ് മഴയില്‍ കുതിര്‍ന്ന് നശിച്ചത്. കിടന്നുറങ്ങാന്‍ ഇടവും കുടിവെള്ളവും ഭക്ഷണവുമില്ലാതെ 85,000 ത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. കര തെളിയുന്നത് കാത്ത് മോര്‍ച്ചറികളില്‍ സംസ്‌കാരത്തിനായി മൃതദേഹങ്ങള്‍ ഒരാഴ്ചയായി കാത്തിരിക്കുന്നു.

മഴ മാറി വെള്ളമിറങ്ങിത്തുടങ്ങിയാല്‍ പകര്‍ച്ചവ്യാധികള്‍ കുട്ടനാടിന് ഭീഷണിയാകും. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ട്. 15 ടീമുകളായി തിരിഞ്ഞ് മെഡിക്കല്‍ സംഘം ക്യാമ്പുകളില്‍ പരിശോധന നടത്തുന്നുണ്ട്. മന്ത്രി ജി സുധാകരന്‍ ഇന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ക്യാമ്പുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്ന് ക്യാമ്പുകളില്‍ ബയോ ടോയ്‌ലറ്റുകളും ഫ്ലോട്ടിംഗ് ടോയ് ലെറ്റുകളും ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒന്നേകാല്‍ ലക്ഷത്തോളം പേരാണ് കുട്ടനാട്ടിലെ 464 കഞ്ഞി വീഴ്ത്തല്‍ കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്നത്.

DONT MISS
Top