ശബരിമല സ്ത്രീപ്രവേശനം: കോടതിയില്‍ എന്‍എസ്എസ്സിന്റെ വാദം ഇന്ന് നടക്കും

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശനം നല്കണമെന്നവശ്യപെട്ടു നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് മുന്‍പാകെ ഇന്ന് വാദം തുടരും. എന്‍എസ്എസ്സിന്റെ വാദമാണ് ഇന്ന് നടക്കുക. എന്‍എസ്എസ്സിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ പരാശരനാണ് ഹാജരാകുന്നത്. ശബരിമലയില്‍ നിലവിലുള്ള പ്രവേശന നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് എന്‍എസ്എസിന്റെ  നിലപാട്. ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു.

ശബരിമലയില്‍ സ്രത്രീപ്രവേശനത്തിന് നിയന്ത്രണങ്ങള്‍ വേണമെന്ന നിലപാടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉറച്ചുനില്‍ക്കുകയാണ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രാഹ്മചാരിയാണെന്നും മുസ്‌ലിം പള്ളികളിലടക്കം സ്ത്രീപ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടെന്നും ബോര്‍ഡ് ഇന്നലെ കോടതില്‍ വാദിച്ചു. എന്നാല്‍ മാസത്തിലെ അഞ്ചു ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ഹൈക്കോടതിയിലെ നിലപാട് ബോര്‍ഡ് മാറ്റിയതിനെ കോടതിയും ചോദ്യം ചെയ്തു. ബോര്‍ഡിന് കൃത്യമായ നിലപാട് ഇല്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാടിനെ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതി പിന്തുണയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വഴങ്ങാതെ മുന്‍നിലപാടില്‍ ഉറച്ചു നിന്നു കൊണ്ടാണ് സുപ്രിം കോടതിയില്‍ ഇന്നലെയും ബോര്‍ഡ് വാദിച്ചത്. 41 ദിവസത്തെ വ്രതം മനസും ശരീരവും ശുദ്ധീകരിക്കാനാണ്. സ്ത്രീകള്‍ക്ക് ഈ വ്രതം പാലിക്കാനാകില്ല. അതുകൊണ്ടാണ് നിയന്ത്രണം. ശാരീരികമായി ഈ പ്രത്യേകതകള്‍ ഉള്ള എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ട്. സ്ത്രീ എന്നത് മാത്രമല്ല വിവേചനത്തിന് അടിസ്ഥാനം എന്നും ബോര്‍ഡ് വ്യക്തമാക്കി.

DONT MISS
Top