കൊല്ലത്ത് രണ്ടാനമ്മയുടെ ക്രൂരപീഡനം; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടാംക്ലാസ്സുകാരിയെ ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു

പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലം തഴവയില്‍ രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ക്രൂരമായി പീഡിപ്പിച്ചു. കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ശരീരമാസകലം ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ രണ്ടാനമ്മയേയും പിതാവിനേയും കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

രണ്ടാനമ്മയുടെ ക്രൂരപീഡനത്തില്‍ അനുഭവിച്ച വേദനയുടെ നേര്‍ച്ചിത്രമാണ് ഈ കുഞ്ഞിന്റെ വാക്കുകളില്‍. രാത്രിയില്‍ കിടക്കയില്‍ മൂത്രമൊഴിച്ചു എന്ന കാരണത്തിലായിരുന്നു രണ്ടാനമ്മയുടെ പീഡനം. ഒരാഴ്ച്ചയായി സ്‌കൂളില്‍ എത്താതിരുന്ന കുട്ടി കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തി. അസ്വസ്ഥ പ്രകടിപ്പിച്ചതൊടെ കുട്ടിയോടെ ആധ്യാപകര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്.

കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലുമടക്കം രണ്ടാനമ്മ പൊള്ളലേല്‍പ്പിച്ചു. കുട്ടിയുടെ പിതാവിന്റെ സാന്നിധ്യത്തിലായിരുന്നു പീഡനം. പൊള്ളലേറ്റ വിവരം അന്വേഷിക്കാനായി വിളിച്ച അധ്യാപകരോട് കുട്ടിയുടെ അച്ഛന്‍ മോശമായാണ് പെരുമാറിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ എഇഒയെ വിവരമറിയിക്കുകയും, ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട ശേഷം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

കരുനാഗപ്പള്ളി പൊലീസെത്തി പിതാവിനേയും രണ്ടാനമ്മയേയും കസ്റ്റഡിയില്‍ എടുത്തു. രണ്ടാനമ്മയുടെ നിരന്തര പീഡനംമൂലം ഡ്രൈവറായ പിതാവ് കുട്ടിയെ പലപ്പോഴും ജോലിയ്ക്ക് പോകുമ്പോള്‍ കൂടെ കൂട്ടാറുണ്ടെന്നും പറയപ്പെടുന്നു. സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ പൊള്ളലേറ്റ കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ചുമതല ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.

DONT MISS
Top