ശബരിമലയിലെ സ്ത്രീ പ്രവേശനം: പുരുഷമേധാവിത്ത മനോഭാവത്തിന്റെ ഭാഗമാണ് നിയന്ത്രണമെന്ന് സുപ്രിം കോടതി

ഫയല്‍ ചിത്രം

ദില്ലി: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് നിയന്ത്രണങ്ങള്‍ വേണമെന്ന നിലപാടില്‍ ഉറച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍. നിയന്ത്രണങ്ങള്‍ 95 ശതമാനം സ്ത്രീകളും അംഗീകരിക്കുന്നുണ്ടെന്നും മതേതര ജഡ്ജിമാര്‍ അല്ല വിശ്വാസത്തിന്റെ കാര്യത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ടതെന്നും ബോര്‍ഡ് വാദിച്ചു. സമൂഹത്തിലെ പുരുഷമേധാവിത്ത മനോഭാവത്തിന്റെ പ്രതിഫലനമാണ് വിലക്കെന്ന് കോടതി നിരീക്ഷിച്ചു. മാസത്തില്‍ അഞ്ചു ദിവസം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന ഹൈക്കോടതിയിലെ നിലപാട് ദേവസ്വം ബോര്‍ഡ് മാറ്റിയതിനെ കോടതി വിമര്‍ശിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ വാദങ്ങളോടെയാണ് ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ ദേവസ്വം ബോര്‍ഡിന്റെ വാദം പൂര്‍ത്തിയായത്. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ കോടതി ഇടപെടരുത്. ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ തന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. വര്‍ഷങ്ങളായി തടസമില്ലാതെ തുടരുന്ന ആചാരങ്ങള്‍ ആധുനിക മൂല്യങ്ങള്‍ വച്ചു പരിശോധിക്കരുത്.
മുസ്‌ലിം പള്ളികള്‍ അടക്കം നിരവധി മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ക്ഷേത്രത്തിന്റെ പൗരാണികത്വം പരിശോധിക്കാന്‍ സുപ്രിം കോടതി സിവില്‍ കോടതിയോട് ആവശ്യപ്പെടണമെന്നും ബോര്‍ഡ് അഭിഭാഷകന്‍ അഭിഷേക് സിംഗ്‌വി വാദിച്ചു.

എന്നാല്‍ മാസത്തിലെ അഞ്ചു ദിവസം പ്രായഭേദമന്യേ സ്ത്രീപ്രവേശനം ആകാമെന്ന നിലപാട് ഹൈക്കോടതിയില്‍ ബോര്‍ഡ് സ്വീകരിച്ച കാര്യം ഭരണഘടനാ ബഞ്ച് ചൂണ്ടിക്കാട്ടി. ഈ അഞ്ചു ദിവസത്തേക്ക് നൈഷ്ഠിക ബ്രാഹമചാരിയായ അയ്യപ്പന്റെ വിഗ്രഹം അപ്രത്യക്ഷമാകുമോ? ബോര്‍ഡിന് നിലപാടില്‍ വ്യക്തതയില്ല. പുരുഷമേധാവിത്ത മനോഭാവത്തിന്റെ ഭാഗമാണ് നിയന്ത്രണം. ജനനം മുതല്‍ എന്ത് ചെയ്യണമെന്നും പെരുമാറണമെന്നുമുള്ള സാമൂഹ്യ നിയന്ത്രങ്ങളിലൂടെയാണ് സ്ത്രീകള്‍ കടന്നു പോകുന്നത്. പ്രത്യുത്പ്പാദനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒഴിവാക്കല്‍ പുരുഷന്മാര്‍ക്ക് ബാധകമല്ലെന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. കേസില്‍ എന്‍എസ്എസിന്റെ വാദം നാളെ തുടങ്ങും.

DONT MISS
Top