ഹജ്ജ് നാളുകളില്‍ നിയമവിരുദ്ധമായി ജോലിചെയ്യുന്നവരെ പിടികൂടാനുള്ള ക്യാമ്പയിന് സൗദി തൊഴില്‍ മന്ത്രാലയം തുടക്കം കുറിച്ചു

? ഇരു പുണ്യനഗരിയിലും താത്കാലികമായി ജോലിയിലേര്‍പ്പെുടുന്നവരും അനധികൃത താമസക്കാരുമായവരെ കണ്ടെത്താന്‍ മന്ത്രാലയം തെരച്ചില്‍ നടത്തും.

? നിയമലംഘകരെ കണ്ടെത്തുവാനായി രൂപകല്‍പന ചെയ്ത ഉപകരണത്തിന്റെ സഹായത്തോടെ പരിശോധന നടത്തും.

ജിദ്ദ: മക്ക, മദീന പുണ്യ നഗരങ്ങളില്‍ ഹജ്ജ് നാളില്‍ നിയമവിരുദ്ധമായി തൊഴിലെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ക്യാമ്പയിന് സൗദി തൊഴില്‍ സാമൂഹികക്ഷേമ മന്ത്രാലയം തുടക്കം കുറിച്ചു. ക്യാമ്പയിന്‍ വിജയിപ്പിക്കാനായി രണ്ട് പുണ്യനഗരങ്ങളിലും ഹജ്ജ്‌നാള്‍ കഴിയും വരെ ശക്തമായ തെരച്ചില്‍ തുടരും. കാമ്പയിനില്‍ തൊഴിലാളികളുടെ രേഖ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും നിയമവിധേന തൊഴിലെടുക്കുന്നവരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
നിയമവിരുദ്ധമായി തൊഴിലെടുക്കുന്നവരാണെന്ന് കണ്ടെത്തിയാല്‍ കടുത്ത ശിക്ഷ നല്‍കും.

ഹജ്ജ് സീസണ്‍ ജോലിക്കായി താത്കാലിക വിസയില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാറുണ്ട്. കര, കടല്‍, വായു തുടങ്ങിയ സൗദിയുടെ പ്രവേശന കവാടങ്ങളില്‍ വച്ച് ഹജജ്‌നാളിലെ ജോലിക്കായി റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് വിസ ഇഷ്യൂ ചെയ്യുന്നുണ്ട്. അത്തരം വിസ ലഭിച്ചവരാണ് തൊഴിലില്‍ ഏര്‍പ്പെടുന്നവരെന്ന് ഉറപ്പുവരുത്തും. രേഖാമൂലം ജോലി ചെയ്യാത്തവരുടെ പേരില്‍ ശിക്ഷാ നടപടികള്‍ കൈകൊള്ളുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബാല്‍ഖൈല്‍ പറഞ്ഞു.

ഹജജ് നാളിലെ താത്കാലിക ജോലിയിലുള്ള തൊഴിലാളികള്‍ ഹജജ് സീസണ്‍ ജോലിയാണ് നിര്‍വഹിച്ച് വരുന്നതെന്ന കാര്യം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ ഉറപ്പുവരുത്തും. ഹജ്ജ് സീസണ്‍ ജോലിക്കായി ഇഷ്യൂ ചെയ്യുന്ന വിസകള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് മന്ത്രാലയം പരിശോധനയില്‍ ഉറപ്പുവരുത്തും. മക്ക, മദീന പുണ്യനഗരിയില്‍ ഹജ്ജ് സീസണില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 19911 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് തൊഴില്‍ നിയമലംഘനം പരാതിപ്പെടാവുന്നതാണ്.

DONT MISS
Top