ശബരിമലയിലെ സ്ത്രീ പ്രവേശനം: നിയന്ത്രണം വേണമെന്ന നിലപാടിലുറച്ച് ദേവസ്വം ബോര്‍ഡ്

ഫയല്‍ ചിത്രം

ദില്ലി: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് നിയന്ത്രണങ്ങള്‍ വേണമെന്ന നിലപാടില്‍ ഉറച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍. അയ്യപ്പന്‍ നൈഷ്ഠിക ബ്രാഹ്മചാരിയാണെന്നും മുസ്‌ലിം പള്ളികളിലടക്കം സ്ത്രീപ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടെന്നും ബോര്‍ഡ് വാദിച്ചു. എന്നാല്‍ മാസത്തിലെ അഞ്ചു ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ഹൈക്കോടതിയിലെ നിലപാട് ബോര്‍ഡ് മാറ്റിയതിനെ കോടതി ചോദ്യം ചെയ്തു. ബോര്‍ഡിന് കൃത്യമായ നിലപാട് ഇല്ലെന്ന് കോടതി വിമര്‍ശിച്ചു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാടിനെ ദേവസ്വം ബോര്‍ഡിന്റെ പുതിയ ഭരണസമിതി പിന്തുണയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വഴങ്ങാതെ മുന്‍നിലപാടില്‍ ഉറച്ചു നിന്നു കൊണ്ടാണ് സുപ്രിം കോടതിയില്‍ ഇന്നും ബോര്‍ഡ് വാദിച്ചത്. 41 ദിവസത്തെ വ്രതം മനസും ശരീരവും ശുദ്ധീകരിക്കാനാണ്. സ്ത്രീകള്‍ക്ക് ഈ വ്രതം പാലിക്കാനാകില്ല. അതുകൊണ്ടാണ് നിയന്ത്രണം. ശാരീരികമായി ഈ പ്രത്യേകതകള്‍ ഉള്ള എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ട്. സ്ത്രീ എന്നത് മാത്രമല്ല വിവേചനത്തിന് അടിസ്ഥാനം.

മുസ്‌ലിം പള്ളികള്‍ അടക്കം വിവിധ ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കുണ്ട്. ക്ഷേത്രാചാരങ്ങളില്‍ അന്തിമതീരുമാനം എടുക്കേണ്ടത് തന്ത്രിയാണെന്നും സിംഗ്‌വി വാദിച്ചു. എന്നാല്‍ മാസത്തിലെ അഞ്ചു ദിവസം പ്രായഭേദമന്യേ സ്ത്രീപ്രവേശനം ആകാമെന്ന നിലപാട് ബോര്‍ഡ് ഹൈക്കോടതിയില്‍ സ്വീകരിച്ച കാര്യം ഭരണഘടനാ ബഞ്ച് ചൂണ്ടിക്കാട്ടി. ഈ അഞ്ചു ദിവസത്തേക്ക് നൈഷ്ഠിക ബ്രാഹമചാരിയായ അയ്യപ്പ വിഗ്രഹം അപ്രത്യക്ഷമാകുമോ? ബോര്‍ഡിന് നിലപാടില്‍ വ്യക്തതയില്ല. ധാര്‍മികത കാലത്തിനൊത്ത് മാറുന്നതാണ്. ഭരണഘടനാ പരമായ ധാര്‍മികത കേസില്‍ പരിശോധിച്ചാല്‍ ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ അംഗീകരിക്കാന്‍ ആകില്ല.

സ്ത്രീകളെ പ്രവശിപ്പിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനം.
ഏതാനും സ്ത്രീകള്‍ എല്ലാ കാലത്തും ശബരിമലയില്‍ പോയിട്ടുണ്ട്. നിലവിലെ ആചാരങ്ങള്‍ക്ക് പരമാവധി 50 വര്‍ഷത്തെ പഴക്കമേയുള്ളൂവെന്നു ജസ്റ്റിസുമാരായ ആര്‍എഫ് നരിമാനും ഡിവൈ ചന്ദ്രചൂഢും ചൂണ്ടിക്കാട്ടി. 95 ശതമാനം സ്ത്രീകളും നിയന്ത്രങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും അഞ്ചു ശതമാനത്തിന് മാത്രമേ വിയോജിപ്പ് ഉള്ളൂവെന്ന ബോര്‍ഡിന്റെ വാദത്തോടും കോടതി വിയോജിച്ചു.

DONT MISS
Top