വീണ്ടും ഫുട്‌ബോള്‍ ആരവം: പ്രീ-സീസണ്‍ ലാലിഗയ്ക്ക് ഇന്ന് തുടക്കം, ബ്ലാസ്റ്റേഴ്‌സിന് എതിരാളി മെല്‍ബണ്‍ എഫ്‌സി

കൊച്ചി: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര പ്രീ-സീസണ്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സത്തില്‍ മെല്‍ബണ്‍ എഫ്‌സി കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും. സ്പാനിഷ് ലീഗിലെ പത്താം സ്ഥാനക്കാരായ ജിറോണാ എഫ്‌സിയും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രീ-സീസണ്‍ മത്സരങ്ങള്‍ക്കായി യൂറോപ്യന്‍ ക്ലബ്ബുകള്‍ ഏഷ്യയില്‍ വരാറുണ്ടെങ്കിലും ഇന്ത്യയില്‍ വരുന്നത് ആദ്യമായാണ്. പുതിയ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സുമായാണ് അവരുടെ മത്സരങ്ങള്‍. ഓസ്‌ട്രേലിയന്‍ എ ഡിവിഷനിലെ രണ്ടാം സ്ഥാനക്കാരാണ് മെല്‍ബണ്‍ എഫ്‌സി. നിരവധി ദേശീയ താരങ്ങള്‍ അടങ്ങുന്നതാണ് അവരുടെ ടീം. റഷ്യന്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ടീമിലുണ്ടായിരുന്ന യുവതാരം ഡാനിയല്‍ അര്‍സാനിക്ക് വിശ്രമം അനുവദിച്ചതിനാല്‍ അദ്ദേഹം എത്തിയിട്ടില്ല.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച പാരമ്പര്യവുമായാണ് ജിറോണ എഫ്‌സി വരുന്നത്. സ്പാനിഷ് താരങ്ങളാണ് ടീമില്‍ അധികവുമെങ്കിലും തെക്കേ അമേരിക്കന്‍ താരങ്ങളും മധ്യ അമേരിക്കന്‍ താരങ്ങളും ടീമിലുണ്ട്. മെസിക്കും ഗ്രിസ്മാനും റൊണാള്‍ഡോയ്ക്കും എതിരെ സീസണ്‍ മുഴുവന്‍ കളിക്കുന്ന ടീമില്‍ നിന്ന് കേരളത്തിലെ ആരാധകര്‍ പലതും പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ സൂപ്പര്‍ലീഗില്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. പുതിയ കളിക്കാരുമായി സീസണിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്. പ്രീ-സീസണ്‍ മത്സരങ്ങളില്‍ തന്നെ ആരാധകരെ ആവേശത്തിലേക്കുയര്‍ത്താനായിരിക്കും അവര്‍ ശ്രമിക്കുക. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം ഇക്കുറി കരുത്തുറ്റതാണ്. പെസിച്ച്,  ലാല്‍റുവത്താര, സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക എന്നിവരാണ് അണിനിരക്കുക. മധ്യനിരയും മുന്നേറ്റനിരയും ഇതിനൊപ്പം നില്‍ക്കും. അണ്ടര്‍സെവന്റീന്‍ ലോകകപ്പില്‍ ഇന്ത്യന്‍ വലകാത്ത പതിനെട്ടുകാരനായ ധീരജായിരിക്കും ഒന്നാം ഗോള്‍ കീപ്പര്‍. പരിശീലകന്‍ നല്‍കുന്ന സൂചനകള്‍ ശരിയായാല്‍ കൊച്ചിയിലാകും ധീരജിന്റെ അരങ്ങേറ്റം.

DONT MISS
Top