ശബരിമല സ്ത്രീപ്രവേശനം : സുപ്രിം കോടതിയില്‍ ഇന്ന് വാദം തുടരും

സുപ്രിം കോടതി

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെടുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിനു മുന്‍പാകെ ഇന്നു വാദം തുടരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് സുപ്രിം കോടതിയില്‍ അനുബന്ധ സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. സ്ത്രീകള്‍ക്ക് നിലവിലുള്ള പ്രവേശന നിയന്ത്രണം തുടരണമെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള വാദം ആണെന്ന് ബോര്‍ഡ് അധ്യക്ഷന്‍ പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ആണ് ബോര്‍ഡ് അനുബന്ധ സത്യവാങ്മൂലം നല്‍കുന്നത്.

സ്ത്രീകള്‍ക്കുള്ള പ്രവേശന നിയന്ത്രണം ആചാരങ്ങളുടെ ഭാഗമാണെന്നും കോടതി ഇടപെടരുതെന്നുമാണ് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്ങ്മൂലം. ഈ നിലപാട് മാറ്റുമോയെന്നു ഇതുവരെയും ബോര്‍ഡ് പരസ്യപ്പെടുത്തിയിട്ടില്ല. ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണം എന്ന സര്‍ക്കാര്‍ നിലപാടിനെ ദേവസ്വം ബോര്‍ഡ് പിന്തുണയ്ക്കണം എന്ന് ദേവസ്വം മന്ത്രി ഉള്‍പ്പടെ ആവശ്യപ്പെട്ടിരുന്നു.

ഒരു പ്രത്യേക പ്രായത്തില്‍ പെട്ട സ്ത്രീകളെ അശുദ്ധിയുടെ പേരില്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് ഒരു തരത്തിലുള്ള തൊട്ട് കൂടായ്മ അല്ലേ എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹര്‍ജി പരിഗണക്കവെ കേസിലെ അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രനോട് ആരാഞ്ഞിരുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് ഏകപക്ഷീയ നടപടി ആണെന്ന് ഭരണഘടന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് റോഹിങ്ടന്‍ നരിമാനും അഭിപ്രായപ്പെട്ടു. 10 നും 50 നും ഇടയില്‍ പ്രായം ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ല എന്ന വിജ്ഞാപനത്തെയും സുപ്രിം കോടതി ചോദ്യം ചെയ്തു. 9 വയസ്സില്‍ ചില കുട്ടികള്‍ക്ക് ആര്‍ത്തവം ഉണ്ടാകാറുണ്ട്. 55 വയസ്സ് കഴിഞ്ഞ ചിലര്‍ക്കും ആര്‍ത്തവം ഉണ്ടാകാറുണ്ട്. ചിലരുടെ ആര്‍ത്തവം 45 ആം വയസ്സില്‍ അവസാനിക്കും. അത് കൊണ്ട് തന്നെ പ്രായവും ആര്‍ത്തവും ചേര്‍ന്നുള്ള വിജ്ഞാപനത്തിലൂടെ ആണ് സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് എങ്കില്‍ അത് ഭരണഘടന വിരുദ്ധം ആണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും നിരീക്ഷിച്ചിരുന്നു.

DONT MISS
Top