”ആര്‍എസ്എസ് ആകട്ടെ സുഡാപ്പികളാകട്ടെ രീതിശാസ്ത്രം ഒന്നു തന്നെയാണ്, ജനാധിപത്യത്തോടുള്ള ഭയമാണ് ഈ ഉറഞ്ഞു തുള്ളലിന് കാരണം”; എസ് ഹരീഷിനോട് എഴുത്ത് ഉപേക്ഷിക്കരുതെന്ന് തോമസ് ഐസക്

തോമസ് ഐസക്

കൊച്ചി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് നോവല്‍ പിന്‍വലിച്ച് എസ് ഹരീഷിനോട് എഴുത്ത് ഉപേക്ഷിക്കരുതെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിന് ഓരോ സന്ദര്‍ഭവും മതമൗലികവാദികള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ മറ്റൊരുദാഹരണമാണ് മീശ എന്ന നോവലിന്റെ അനുഭവമെന്നും ജനാധിപത്യത്തോടുള്ള ഭയമാണ് ഈ ഉറഞ്ഞു തുള്ളലിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ആകട്ടെ, സുഡാപ്പികളാകട്ടെ രീതിശാസ്ത്രം ഒന്നു തന്നെയാണ് എന്ന് പറഞ്ഞ ഐസക്, തുറന്ന എഴുത്തും അഭിപ്രായ പ്രകടനങ്ങളും നിലനില്‍ക്കുന്ന സമൂഹത്തില്‍ വര്‍ഗീയതയുടെ വൈറസിന് അതിജീവനമില്ലെന്ന് മറ്റാരെക്കാളും നന്നായി അവര്‍ക്കറിയാമെന്നും അതുകൊണ്ടുതന്നെ നിര്‍ഭയമായ അഭിപ്രായപ്രകടനങ്ങള്‍ വെട്ടിത്തുറന്നു പ്രകടിപ്പിക്കാന്‍ കേരളത്തില്‍ ഇന്നു നിലനില്‍ക്കുന്ന സ്വാതന്ത്ര്യം ഹനിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകുമെന്നും കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിന് എങ്ങനെയാണ് ഓരോ സന്ദര്‍ഭത്തിലും മതമൗലികവാദികള്‍ ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ മറ്റൊരുദാഹരണമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ മീശ എന്ന നോവലിന്റെ അനുഭവം. ആര്‍എസ്എസ് ആകട്ടെ, സുഡാപ്പികളാകട്ടെ രീതിശാസ്ത്രം ഒന്നു തന്നെയാണ്. ഹരീഷിന്റെ നോവലിലെ കഥാപാത്രം പ്രകടിപ്പിച്ച അഭിപ്രായത്തെ ഫിക്ഷന്റെ ഭാഗമായി എടുക്കുന്നതിനു പകരം, നോവലിന്റെയോ കഥാപാത്രത്തിന്റെയോ പരിണാമം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് ഒറ്റപ്പെടുത്തിയെടുത്ത് എഴുത്തുകാരനെയും പ്രസാധകരെയും വേട്ടയാടുകയാണ്.

നോവലിനെക്കുറിച്ചോ അതിലെ കഥാപാത്രങ്ങളെയോ രംഗങ്ങളെയോ കുറിച്ചൊക്കെ വ്യത്യസ്താഭിപ്രായമുണ്ടാകാം. അതുകൊണ്ടാണല്ലോ നിരൂപണമെന്ന അതിശക്തമായൊരു സാഹിത്യശാഖ തന്നെയുള്ളത്. നോവല്‍ പൂര്‍ണമാകുന്നതുവരെ കാത്തിരിക്കുകയും കഥാഗതിയും മറ്റും പൂര്‍ത്തിയായതിനുശേഷം വിയോജിപ്പുകളും അഭിപ്രായവ്യത്യാസവും ഗ്രന്ഥനിരൂപണത്തിലൂടെ അതിശക്തമായി പ്രകടിപ്പിക്കാവുന്നതേയുള്ളൂ. നിശിതവും കര്‍ക്കശവുമായ നിരൂപണത്തിലൂടെ എഴുത്തുകാരനെ വിചാരണ ചെയ്യാം, കൃതിയെ തള്ളിക്കളയാം. അതാണ് ജനാധിപത്യത്തിന്റെ വഴി. സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യം ആസ്വാദകര്‍ക്ക് വിട്ടുകൊടുക്കാം.

പക്ഷേ, ഇവിടെ നടന്നത് അതല്ല. നാലാംകിട ഭീഷണിയും വെല്ലുവിളിയും. ആ ഭീഷണി ആരെയൊക്കെ പിന്തിരിപ്പിച്ചുവെന്നു നോക്കൂ. എഴുത്തുകാരന് നോവല്‍ പിന്‍വലിക്കേണ്ടി വരുന്നു, മാതൃഭൂമി പോലൊരു പത്രത്തിനു പോലും തങ്ങളുടെ പ്രചാരത്തെ പ്രതികൂലമായി ബാധിച്ചേയ്ക്കുമെന്ന ഭീതി. ഇതാണ് വര്‍ഗീയതയുടെ ശക്തി. ഇതിനെതിരെ ആരു പ്രതികരിച്ചാലും, അത് സഖാവ് എം എ ബേബിയാകട്ടെ, രമേശ് ചെന്നിത്തലയാകട്ടെ, അവരെയൊക്കെ അധിക്ഷേപിച്ചും കുടുംബാംഗങ്ങളെ അസഭ്യം പറഞ്ഞും നിശബ്ദരാക്കിക്കളയാമെന്നാണ് സംഘപരിവാറുകാരുടെ വ്യാമോഹം.

സ്വതന്ത്രമായ എഴുത്തിനോടും അഭിപ്രായപ്രകടനങ്ങളോടുമുള്ള ഭയമാണ് ഈ പേക്കൂത്തിന് പിന്നില്‍. ഗ്രന്ഥനിരൂപണമൊക്കെ വലിയ അധ്വാനം ആവശ്യമുള്ള മേഖലയാണ്. തെറിയെഴുതാന്‍ മാത്രം അക്ഷരാഭ്യാസം കൈവശമുള്ളവര്‍ക്ക് വഴങ്ങുന്ന പണിയല്ല അത്. വര്‍ഗീയവാദികള്‍ക്ക് ആകെ അറിയാവുന്ന പണി വെട്ടലും കുത്തലും തെറി വിളിയും തെമ്മാടിത്ത പ്രകടനങ്ങളുമാണ്. എസ് ഹരീഷിന്റെയും എംഎ ബേബിയുടെയും രമേശ് ചെന്നിത്തലയുടെയുമൊക്കെ നേര്‍ക്ക് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.

ജനാധിപത്യത്തോടുള്ള ഭയമാണ് പേവെറിയോടെയുള്ള ഈ ഉറഞ്ഞു തുള്ളലിന് കാരണം. തുറന്ന എഴുത്തും അഭിപ്രായപ്രകടനങ്ങളും നിലനില്‍ക്കുന്ന സമൂഹത്തില്‍ വര്‍ഗീയതയുടെ വൈറസിന് അതിജീവനമില്ലെന്ന് മറ്റാരെക്കാളും നന്നായി അവര്‍ക്കറിയാം. അതുകൊണ്ട് നിര്‍ഭയമായ അഭിപ്രായപ്രകടനങ്ങള്‍ വെട്ടിത്തുറന്ന് പ്രകടിപ്പിക്കാന്‍ കേരളത്തില്‍ ഇന്നു നിലനില്‍ക്കുന്ന സ്വാതന്ത്ര്യം ഹനിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും. ഏതു വര്‍ഗീയവാദിയും താലോലിക്കുന്നൊരു വ്യാമോഹമാണത്. ഒരു വിട്ടുവീഴ്ചയുമില്ലാതെ ആ ഭീഷണിയെ നാം ചെറുക്കുക തന്നെ ചെയ്യും.

മുന തേഞ്ഞ ആയുധങ്ങളേ സംഘപരിവാറിന്റെ കൈവശമുള്ളൂ. വെട്ടിയും കുത്തിയും കൊന്നും കൊലവിളിച്ചും ഭീതി പടര്‍ത്താന് നോക്കിയിട്ട് വഴങ്ങിയ ചരിത്രം കേരളത്തിനില്ല. പിന്നെയല്ലേ, മുഖമില്ലാത്ത സംഘികളുടെ സൈബര്‍ വിരട്ടലുകള്‍. അതിനൊന്നും കാതുകൊടുക്കാന് തീരുമാനിച്ചിട്ടില്ല. കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞതു തന്നെയാണ് ഹരീഷിനോട് ആവര്‍ത്തിക്കാനുള്ളത്. ‘എഴുത്ത് ഉപേക്ഷിക്കരുത്. എഴുത്തിന്റെ ശക്തികൊണ്ട് പ്രതിബന്ധങ്ങളെ മറികടക്കണം’, ഐസക് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top