ആള്‍ക്കൂട്ട കൊലപാതകം വീണ്ടും; മധ്യപ്രദേശില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതിയെ മര്‍ദ്ദിച്ചുകൊന്നു

അന്വേഷണ സംഘം സ്ഥലം സന്ദര്‍ശിക്കുന്നു

ഭോപ്പാല്‍: ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മധ്യപ്രദേശില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. സിംഗ്രൗളി ജില്ലയിലെ ബാര്‍ഗഡിലാണ് സംഭവം. വനത്തിനുള്ളില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ പ്രദേശത്ത് വിഹരിക്കുന്നുണ്ടെന്ന വാട്‌സാപ്പ് സന്ദേശമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധം നഷ്ടമായ യുവതിയെ ആള്‍ക്കൂട്ടം വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഞങ്ങള്‍ ഇരയെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സ്ത്രീയുടെ ചിത്രം അയച്ചിട്ടുണ്ട്, അന്വേഷണ സംഘം വ്യക്തമാക്കി.

സ്ത്രീ ആക്രമിക്കപ്പെട്ട സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന ഗ്രാമീണരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സംഭവത്തില്‍ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന വാട്‌സാപ്പ് സന്ദേശവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി. ആക്രമിക്കാനുപയോഗിച്ച കോടാലി, വടികള്‍, കല്ലുകള്‍ എന്നിവ പൊലീസ് കണ്ടെത്തി. ഇവ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തതില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് മധ്യപ്രദേശില്‍ നിന്നുള്ള പുതിയ വാര്‍ത്ത. നേരത്തെ ലോക്‌സഭയില്‍ സംസാരിക്കവെ ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ വിഷയത്തില്‍ അപലപിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളാണ് ആക്രമണങ്ങളിലേക്ക് നയിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന് നേരത്തെ സുപ്രിം കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പശു സംരക്ഷണത്തിന്റെ പേരില്‍ ഉള്‍പ്പടെ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതങ്ങളും അക്രമങ്ങളും തടയുന്നതിനും അക്രമകാരികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുമായി പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.

ഭയാനകമായ ഇത്തരം അക്രമങ്ങള്‍ അപലപനീയമാണെന്നും ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടതും സമൂഹത്തില്‍ ബഹുസ്വരത ഉറപ്പാക്കേണ്ടതും ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് നാലാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്നും അതിന്റെ റിപ്പോര്‍ട്ട് സുപ്രിം കോടതി രജിസ്ട്രിയില്‍ സമര്‍പ്പിണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന്‍ പൂനവാല നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

DONT MISS
Top