മദീനയില്‍ ശുചീകരണ തൊഴിലാളിയെ അക്രമിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം

അബ്ദുല്ല അല്‍ ജുമൈലി

മദീന: മദീനയില്‍ ശുചീകരണ തൊഴിലാളിയെ ആക്രമിച്ച സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധ കോണില്‍നിന്നും ആവശ്യമുയര്‍ന്നു. പ്രമുഖരും അല്ലാത്തവരും സമൂഹമാധ്യമങ്ങള്‍ വഴിയും പത്രകോളങ്ങള്‍വഴിയും നടപടി ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്.

നാല് പേര്‍ ചേര്‍ന്നായിരുന്നു ശുചീകരണ പ്രക്രിയയില്‍ ഏര്‍പ്പെട്ട തൊഴിലാളിയെ ആക്രമിച്ചത്. ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ ശേഷം തൊഴിലാളിയുടെ പോക്കറ്റിലുണ്ടായിരുന്ന പണവും മറ്റും കൈക്കലാക്കിയാണ് ആക്രമി സംഘം കടന്നുകളഞ്ഞത്. പിന്നീട് തൊഴിലാളിയെ ശ്രദ്ധയില്‍പെട്ടവര്‍ പരുക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ആക്രമികളെ പിടികൂടി നിയമമനുസരിച്ച് കടുത്ത ശിക്ഷ നല്‍കണമെന്നാണ് വിവിധ കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടുള്ളത്. ആക്രമികളെ പിടികൂടാനുള്ള ശ്രമത്തിലാണ് സുരക്ഷാ അധികൃതര്‍.

പ്രവാചക നഗരിയായ മദീനയില്‍ ഇത്തരമൊരു സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ നല്‍കണമെന്നും സൗദിയിലെ പ്രമുഖ കോളമിസ്റ്റ് അബ്ദുല്ല അല്‍ ജുമൈലി ആവശ്യപ്പെട്ടു. അല്‍മദീന ദിനപത്രത്തില്‍ എഴുതിയ കുറിപ്പിലാണ് അബ്ദുല്ല അല്‍ ജുമൈലി ഇങ്ങനെ ആവശ്യപ്പെട്ടത്.

മാനവികത, ദയ, സമാധാനം, സഹവര്‍ത്തിത്വം തുടങ്ങിയവ ലോകത്തിന് കാഴ്ചവെച്ച ചരിത്രമാണ് മദീനക്കുള്ളത്. പ്രവാചക നഗരിയായ മദീനയിലെ ജനങ്ങള്‍ അനുകമ്പക്ക് പേരു കേട്ടവരാണ്. മദീനയില്‍ ഒരു പാവം തൊഴിലാളിക്ക് മര്‍ദ്ദനമേറ്റത് ഒറ്റപ്പെട്ടതാകാമെങ്കിലും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അബ്ദുല്ല അല്‍ ജുമൈലി ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്കെതിരെ കര്‍ഷന നടപടി സ്വീകരിക്കണമെന്ന് അബ്ദുല്ല അല്‍ ജുമൈലിയെപോലെ നിരവധിപേര്‍ സമൂഹ മാധ്യമങ്ങള്‍വഴിയും മറ്റും ആവശ്യപ്പെടുന്നുണ്ട്.

DONT MISS
Top