‘വൈറല്‍ 2019’ വേറെ ലെവലാണ്; സംവിധായകനെ സോഷ്യല്‍ മീഡിയയിലൂടെ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം

വൈറല്‍ 2019 ഫെയ്സ്ബുക്ക് പേജ് ജയറാം ഉദ്ഘാടനം ചെയ്യുന്നു

ലോക സിനിമയുടെ ചരിത്രം മാറ്റി എഴുതാന്‍ ഒരുങ്ങുകയാണ് ‘വൈറല്‍ 2019’. ഇതുവരെ ലോകത്തെവിടെയും സംഭവിക്കാത്ത ചില കാര്യങ്ങള്‍ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയില്‍ നടക്കുകയാണ്. സംവിധായകന്‍, ഗായകര്‍ തുടങ്ങി സിനിമയുടെ എല്ലാ രംഗത്തുള്ളവരെയും തെരഞ്ഞെടുക്കാനുള്ള അവസരം സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ക്ക് നല്‍കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

ആദ്യഘട്ടമായി സംവിധായകനെയാണ് തെരഞ്ഞെടുക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ‘ഡയറക്ടര്‍ ഹണ്ട്’ ഈ മാസം 28 ന് തൃശ്ശൂര്‍ വൃന്ദാവന്‍ ഹോട്ടലില്‍ രാവിലെ 11 മണി മുതല്‍ നടക്കും. പ്രശസ്ത സംവിധായകന്‍ ഒമര്‍ ലുലു, ചിത്രത്തിന്റെ നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍, മാധ്യമപ്രവര്‍ത്തകന്‍ വിഎസ് ഹൈദര്‍ അലി എന്നിവരാണ് ഓഡിഷന് നേതൃത്വം നല്‍കുന്നത്. ഓഡിഷനിലെത്തുന്നവരില്‍ നിന്ന് കഴിവുള്ള ഏഴുപേരെ മൂവരും ചേര്‍ന്ന് തെരഞ്ഞെടുക്കും.

ഈ പാനലിനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തും. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി ഏറ്റവുമധികം പേര്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ സംവിധായകനായി തെരഞ്ഞെടുക്കും. നിങ്ങള്‍ ഇതിനു മുന്‍പ് ഏതെങ്കിലും ഹ്രസ്വചിത്രമോ ഡോക്യുമെന്ററിയോ സംവിധാനം ചെയ്തിട്ടുണ്ടെങ്കില്‍ അതുമായിട്ടാകണം എത്തേണ്ടത്.

ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങി ഒന്‍പതോളം സിനിമകള്‍ നിര്‍മിച്ച ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. സിനിമയുടെ ഭാഗമാകണം, സിനിമാ താരമാകണം അല്ലെങ്കില്‍ സിനിമയില്‍ പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിച്ചിരുന്ന എല്ലാവര്‍ക്കും ഒരു സുവര്‍ണാവസരം വൈറല്‍ 2019 ലൂടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുകയാണ്.

താരങ്ങള്‍, ഗായകര്‍ തുടങ്ങി എല്ലാവരും പുതുമുഖങ്ങളായിരിക്കും, അതും സമൂഹ മാധ്യമങ്ങളിലൂടെ അവരുടെ കഴിവ് കാണിച്ച്, ജനങ്ങളുടെ വോട്ട് അനുസരിച്ച് ഒരു റിയാലിറ്റി ഷോ പോലെയായിരിക്കും ഈ സിനിമ.

DONT MISS
Top