ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം അനുവാര്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം; തീരുമാനമെടുക്കാന്‍ രാഹുലിനെ ചുമതലപ്പെടുത്തി

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുമായി ഏര്‍പ്പെടേണ്ട സഖ്യം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി. നഷ്ടമായ വോട്ടുകള്‍ തിരിച്ചു പിടിക്കുകയാണ് പാര്‍ട്ടിക്ക് മുന്നില്‍ ഉള്ള വെല്ലുവിളി എന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വ്യക്തമാക്കി.

ബിജെപിയെ പരാജയപെടുത്താന്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഒഴിവാക്കി തന്ത്രപരമായ സഖ്യങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏര്‍പ്പെടണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം ബിജെപിക്ക് എതിരായ തെരെഞ്ഞെടുപ്പ് സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണം എന്ന ആവശ്യം പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയാല്‍ രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രി ആകും എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയെ പരാജപ്പെടുത്തണം എങ്കില്‍ പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യങ്ങള്‍ അനിവാര്യം ആണെന്നാണ് പുനസംഘടിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗത്തില്‍ ഉണ്ടായ പൊതുവികാരം. നഷ്ടപ്പെട്ട വോട്ടുകള്‍ പാര്‍ട്ടിക്കൊപ്പം കൊണ്ടുവരികയാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ വെല്ലുവിളി എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ബൂത്തുതലത്തില്‍ ഇതിനായി പ്രവര്‍ത്തനം ഉണ്ടാകണം. ദലിതര്‍, ആദിവാസികള്‍, ന്യൂന്യപക്ഷങ്ങള്‍ എന്നിവര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് എതിരെ ശക്തമായ ഇടപെടല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും സാമ്പത്തിക ശക്തിയെയും സംഘടന ശക്തിയെയും മറികടക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന സോണിയ ഗാന്ധിയുടെ പ്രസംഗത്തോടെയാണ് സഖ്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ സജ്ജീവമായത്. സോണിയ ഗാന്ധിക്ക് ശേഷം സംസാരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം 12 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇപ്പോഴും നിര്‍ണ്ണായക ശക്തി ആണെന്ന് ചൂണ്ടിക്കാട്ടി. ഈ സംസ്ഥാനങ്ങളില്‍ നിന്ന് 150 സീറ്റുകള്‍ വരെ പാര്‍ട്ടിക്ക് വിജയിക്കാവുന്നതാണ്. അതായത് നിലവിലെ ലോക്‌സഭയിലെ അംഗസംഖ്യ മൂന്ന് ഇരട്ടി ആകാവുന്നതാണ്. എന്നാല്‍ 200 ല്‍ അധികം സീറ്റുകള്‍ നേടിയാല്‍ മാത്രമേ അടുത്ത സര്‍ക്കാരില്‍ നേതൃത്വം നല്‍കാന്‍ സാധിക്കുകയുള്ളു. അതിന് ഉത്തര്‍പ്രദേശ്, ബിഹാര്‍, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തരായ പ്രാദേശിക പാര്‍ട്ടികളും ആയി തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെടണം എന്ന് ചിദംബരം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് സഖ്യത്തിന് നേതൃത്വം നല്‍കണം എന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിച്ച രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, ശക്തി സിംഗ് ഗോയില്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. രാഹുല്‍ സഖ്യത്തിന്റെ മുഖം ആകണമെന്നും ഈ നേതാക്കള്‍ ആവശ്യം ഉന്നയിച്ചു. തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് പുറമെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ തുറന്ന് കാണിക്കുന്നതിനുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനും പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനം ആയി.

DONT MISS
Top