കോണ്‍ഗ്രസ് രാജ്യത്തിന്റെ ശബ്ദമെന്ന് രാഹുല്‍, മോദിക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭയമെന്ന് സോണിയാ ഗാന്ധി

ദില്ലി: രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോരാടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആഹ്വനം ചെയ്തു. പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അധികാരം നഷ്ടപ്പെടുമെന്ന ഭയമാണ് മോദിയുടെ പ്രസംഗം സൂചിപ്പിക്കുന്നതെന്ന് സോണിയാ ഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ ആരോപിച്ചു. പൊള്ളയായ വാഗ്ദാനങ്ങളാണ് നരേന്ദ്ര മോദി നല്‍കുന്നതെന്ന് മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. യോഗത്തില്‍ സംഘടനാ വിഷയങ്ങള്‍ക്ക് പുറമെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും വിശദമായി ചര്‍ച്ച ചെയ്യും

പ്ലീനറി സമ്മേളനം കഴിഞ്ഞ് നാലു മാസത്തിന് ശേഷം പുനഃസംഘടിപ്പിച്ച പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗമാണ് ദില്ലിയില്‍ പുരോഗമിക്കുന്നത്. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് പുറമെ പിസിസി അധ്യക്ഷന്മാര്‍, നിയമസഭാകക്ഷി നേതാക്കള്‍, എംപിമാര്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുക്കുന്നത് 240ഓളം അംഗങ്ങള്‍. മുതിര്‍ന്നവരുടെയും യുവാക്കളുടെയും അനുഭവസമ്പത്തും ഊര്‍ജവും സമന്വയിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങള്‍, ദലിതര്‍, ആദിവാസികള്‍, പിന്നോക്കക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍ എന്നിവര്‍ക്ക് നേരെ ബിജെപി അക്രമം അഴിച്ച് വിടുകയാണ്. രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പോരാടണം എന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

തുടര്‍ന്നു സംസാരിച്ച സോണിയാ ഗാന്ധി അധികാരം നഷ്ടപ്പെടും എന്ന ഭയമാണ് നരേന്ദ്ര മോദിക്കെന്നും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം വര്‍ധിച്ചു വരികയാണെന്നും ആരോപിച്ചു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദിയുടെ വാഗ്ദാനം നിലവിലെ കാര്‍ഷിക വളര്‍ച്ചാ മേഖലയിലെ നിരക്കിന്റെ അടിസ്ഥാനത്തില്‍ സാധ്യമായ ഒന്നല്ലെന്ന് മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നൊരുക്കവും യോഗം ചര്‍ച്ച ചെയ്യും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് നേരത്തേ ഉണ്ടാകുമെന്ന ആഭ്യൂഹങ്ങളെ തുടര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതി തയ്യാറാക്കാന്‍ കേരളം അടക്കമുള്ള സംസ്ഥാന ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ ചര്‍ച്ചയാകും. അവിശ്വാസ പ്രമേയം പരാജയപ്പെട്ടുവെങ്കിലും വര്‍ഷകാല സമ്മേളനത്തിനത്തിന്റെ ഇനിയുള്ള ദിവസങ്ങളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്കും യോഗം രൂപം നല്‍കും.

DONT MISS
Top