ആമസോണ്‍ വനത്തിലെ ഏകാകിയായ ഗോത്ര മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്ത്(വീഡിയോ)

ദൃശ്യങ്ങളിലുള്ള മനുഷ്യന്‍

സാവോപോളോ: ബ്രസീലിലെ ആമസോണ്‍ വനാന്തരങ്ങളില്‍ താമസിക്കുന്ന ഏകാകിയായ മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷനാണ് ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 22 വര്‍ഷങ്ങളായി പുറം ലോകവുമായി ബന്ധമില്ലാതെ ഇയാള്‍ തനിച്ച് താമസിക്കുന്നതായാണ് കരുതപ്പെടുന്നത്.

കാടുകളില്‍ തനിച്ച് താമസിക്കുന്ന ഇയാളുടെ ഗോത്രമേതാണെന്നോ, അയാളുടെ പേരോ ഒന്നും തന്നെ ആര്‍ക്കും അറിയില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് 50 വയസ് പ്രായം ഉള്ളതായാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ ഫൗണ്ടേഷന്‍ നടത്തിയ നീരീക്ഷണത്തില്‍ ഇയാള്‍  ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ് എന്നിവ കൃഷി ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇയാള്‍ മരംവെട്ടുന്നതായാണ് ഉള്ളത്. കൂടാതെ ഇയാള്‍ വനത്തില്‍ കുഴികളും ഉണ്ടാക്കിയിട്ടുണ്ട്. ഇയാളുടെ കൂടെയോ കാടുകളിലോ മറ്റ് മനുഷ്യരെ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഏതോ ഒരു ഗോത്രത്തിലെ അവസാന മനുഷ്യനാണ് ഇയാള്‍ എന്നാണ് കരുതപ്പെടുന്നത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റുവരെ വനസമ്പത്തുകള്‍ കൈക്കലാക്കാന്‍ കാടുകളിലേക്ക് അതിക്രമിച്ച് കയറിയവര്‍ കൊന്നിരിക്കാം എന്നതാണ് ഇന്ത്യന്‍ ഫൗണ്ടേഷന്റെ നിഗമനം.

1970-80 കാലഘട്ടങ്ങളില്‍ തടിവെട്ടുകാരും കര്‍ഷകരും പിടിച്ചു പറിക്കാരും ഈ മേഖലയിലുള്ള അനവധിപേരെ കൊലപ്പെടുത്തകയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. 1995 ല്‍ ഇവിടെ ആറ്‌പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം അവശേഷിച്ച ഏക വ്യക്തിയായിരിക്കണം ഇയാള്‍. 1996 ല്‍ ആണ് ഇയാളെ ആദ്യമായി കണ്ടെത്തിയത്. അന്ന് തൊട്ട് ഇയാള്‍ നിരീക്ഷണത്തിലാണ്.

DONT MISS
Top