പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് ദില്ലിയില്‍

രാഹുല്‍ ഗാന്ധി

ദില്ലി: പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് ദില്ലിയില്‍ ചേരും. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ വിഷയങ്ങള്‍ക്ക് പുറമെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും ചര്‍ച്ചയാകും. ഓരോ മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യം വിലയിരുത്തി സംസ്ഥാന ഘടകങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ചര്‍ച്ചയ്ക്ക് വരും. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം സംസ്ഥാനങ്ങളുടെ ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ പിസിസി അധ്യക്ഷന്മാര്‍, സിഎല്‍പി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം കഴിഞ്ഞ് നാലു മാസത്തിനു ശേഷം പുനഃസംഘടിപ്പിച്ച പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. 23സ്ഥിരം അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും അടക്കം 51 അംഗങ്ങള്‍. ഇതിന് പുറമെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെയും പിസിസി അധ്യക്ഷന്മാരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ മധ്യപ്രദേശ് ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നൊരുക്കവും യോഗം ചര്‍ച്ച ചെയ്യും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് നേരത്തേ ഉണ്ടാകുമെന്ന ആഭ്യൂഹങ്ങളെ തുടര്‍ന്നു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഉള്ള പദ്ധതി തയ്യാറാക്കാന്‍ കേരളം അടക്കമുള്ള സംസ്ഥാന ഘടകങ്ങള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്ഡിന്റെ നിര്‍ദേശം നല്‍കിയിരുന്നു. ഒരോ മണ്ഡലത്തിന്റെയും രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു ജൂലൈ 15 നകം പദ്ധതി തയ്യാറാക്കാനായിരുന്നു പിസിസി അധ്യക്ഷന്മാര്‍, ജനറല്‍ സെക്രട്ടറിമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്ക് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് നിര്‍ദേശം നല്‍കിയിരുന്നത്.

പിസിസി അധ്യക്ഷന്മാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്‌തേക്കും. വര്‍ഷകാല സമ്മേളനത്തിനത്തിന്റെ ഇനിയുള്ള ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. എകെ ആന്റണിക്ക് പുറമെ ആന്ധ്രയുടെ ചുമതല ഉള്ള ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കര്‍ണാടകയുടെ ചുമതല ഉള്ള കെസി വേണു ഗോപാല്‍, സ്ഥിരം ക്ഷണതാവ് ആയ പിസി ചാക്കോ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

DONT MISS
Top