“വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കു മുന്നില്‍ തല കുനിക്കേണ്ടി വരുന്ന ആ സാഹചര്യം ഭയാനകമാണ്”, എസ് ഹരീഷിനെ പിന്തുണച്ച് ശാരദക്കുട്ടി

എസ് ഹരീഷിനും അദ്ദേഹത്തിന്റെ ‘മീശ’ എന്ന നോവലിനും എതിരെയുള്ള സംഘപരിവാര്‍ സൈബര്‍ ആക്രമണത്തെ അപലപിച്ച് എഴുത്തുകാരി ശാരദക്കുട്ടി. സൈബര്‍ ഭീഷണികളേക്കുറിച്ചും അവര്‍ കുറിച്ചു. ഹിന്ദു സ്ത്രീകളെ അപമാനിച്ച എഴുത്തുകാരനെ ആക്രമിക്കുമെന്ന തരത്തിലാണ് വെല്ലുവിളികള്‍. എന്നാല്‍ എഴുത്തുകാരനെതിരായ വ്യക്തിഹത്യയേയും ഭീഷണിയേയും എതിര്‍ക്കുന്ന ഹിന്ദു സ്ത്രീകളേയും സൈബര്‍ അക്രമികള്‍ വെറുതേ വിടുന്നില്ല. സോഷ്യല്‍ മീഡിയ പേജുകളില്‍ അശ്ലീലവും ഭീഷണിയും മുഴക്കി ഇവര്‍ അതിക്രമം അഴിച്ചുവിടുന്നു.

വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കു മുന്നില്‍ തല കുനിക്കേണ്ടി വരുന്ന ആ സാഹചര്യം ഭയാനകമാണെന്നാണ് ശാരദക്കുട്ടി കുറിച്ചത്. ഹരീഷ്, ഭാഷക്കു വേണ്ടി ഞാനിത്രക്കു നിസ്സഹായതയനുഭവിച്ച ഒരു ദിവസം എന്റെ ഓര്‍മ്മയിലില്ല. എന്തെഴുതിയിട്ടും തെറ്റുന്നു. എങ്ങനെ വിശദീകരിച്ചിട്ടും തെറ്റുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റു ശക്തികള്‍ക്കു മുന്നില്‍ തല കുനിക്കേണ്ടി വരുന്ന ആ സാഹചര്യം ഭയാനകമാണ്. നിങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോയ സമ്മര്‍ദ്ദങ്ങള്‍ അറിയാം.എങ്കിലും വേദന.. അപമാനം.. നിസ്സഹായത ഒക്കെ നിങ്ങള്‍ക്കൊപ്പം അനുഭവിക്കുന്നു.. നിങ്ങളെ ഒറ്റു കൊടുക്കുകയില്ല. നിങ്ങള്‍ ഒറ്റക്കാവില്ല കൂടെയുണ്ടാകും. ഉറപ്പു തരുന്നു. അവര്‍ സാമൂഹ്യമാധ്യമത്തിലെഴുതി.

നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം വേര്‍തിരിച്ച് ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്നും വിശ്വാസികളായ സ്ത്രീകളെ അപമാനിക്കുന്നതാണെന്നുമായിരുന്നു ആരോപണം. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലായിരുന്നു മീശ.

DONT MISS
Top