സിനിമാ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്താന്‍ സുഗീത്; ‘കിനാവള്ളി’യുടെ ട്രെയ്‌ലര്‍ പുറത്ത്


സൂപ്പര്‍ ഹിറ്റ് ചിത്രം ഓര്‍ഡിനറിക്കും മധുരനാരങ്ങക്കും ശേഷം സംവിധായകന്‍ സുഗീത് എത്തുന്നത് സ്വല്‍പം വേറിട്ട കഥയുമായാണ്. ‘കിനാവള്ളി’ എന്നുപേരായ ചിത്രം മലയാളം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അനുഭവം പകരുന്ന ചിത്രമായിരിക്കും. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 27നു റിലീസാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഹൊറര്‍ കോമഡി റൊമാന്‍സ് ഗണത്തില്‍പെടുത്തുന്ന കിനാവള്ളിയുടെ ട്രെയിലറിന് മികച്ച വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്.

ശ്യാംശീതള്‍, വിഷ്ണുരാമചന്ദ്രന്‍ എന്നിവരുടേതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം ശാശ്വത്. വിവേക് മേനോനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് നവീന്‍ വിജയ്. കലാസംവിധാനം ഡാനി മുസ്സിരിസ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ അഫ്‌സല്‍ മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി. സഹസംവിധാനം അഭിജിത്ത് രവീന്ദ്രന്‍. നസീബ് കെഎന്‍, പ്രവീണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍.

പുതുമയുള്ള കഥാഗതി എല്ലാത്തരത്തിലുള്ള പ്രേക്ഷകരേയും തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം. വിവേക് ആന്‍ എന്നീ പ്രധാന കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഇവര്‍ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. വിവാഹത്തോടെ വിവേകിന് സുഹൃത്തുക്കളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. അത് വീണ്ടെടുക്കുവാനായി തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷിക്കുവാന്‍ തീരുമാനിക്കുകയും സുഹൃത് സംഘത്തെ ക്ഷണിക്കുകയും ചെയ്തു. വിവേക് അറിയാതെ ആന്‍ ആണ് ഇതെല്ലാം സംഘടിപ്പിച്ചത്. അറിയിപ്പു കിട്ടിയതിനനുസരിച്ച് അജിത്തും ഗോപനും സുധീഷും സ്വാതിയും ഇവരുടെ ബംഗ്ലാവിലെത്തുന്നു. നാളുകള്‍ക്കുശേഷമുള്ള സുഹൃത്തുക്കളുടെ ഈ സമാഗമം അവര്‍ക്ക് ഏറെ സന്തോഷം പകര്‍ന്നു. അടിച്ചുപൊളിച്ചു ജീവിക്കുന്നതിനിടയില്‍ ഒരു സത്യം ഇവര്‍ മനസ്സിലാക്കുന്നു. ഈ ബംഗ്ലാവില്‍ പ്രേതബാധയുണ്ട്. ഇത് ഇവരെ ഭയപ്പെടുത്തി. പിന്നീട് ഇവിടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

DONT MISS
Top