കാലവര്‍ഷക്കെടുതി: സര്‍ക്കാര്‍ കാട്ടിയത് കടുത്ത അനാസ്ഥയെന്ന് പ്രതിപക്ഷം, ആരോപണം നിഷേധിച്ച് ജി സുധാകരന്‍

ജി സുധാകരന്‍

തിരുവനന്തപുരം: കാലവര്‍ക്കെടുതി നേരിടുന്നതില്‍ സംഭവിച്ച വീഴ്ചയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പ്രതിപക്ഷം. ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മൂന്ന് മന്ത്രിമാരുള്ള ആലപ്പുഴയില്‍ ഇത്രയും ദുരതം ഉണ്ടായിട്ടും ഒരാള്‍ പോലും തിരിഞ്ഞ് നോക്കിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

ഇത്തവണത്തെ കാലവര്‍ഷത്തില്‍ ഏറ്റവും വലിയ ദുരന്തം നേരിട്ട പ്രദേശമാണ് ആലപ്പുഴയിലെ കുട്ടനാട്. ജില്ലയില്‍ മൂന്ന് മന്ത്രിമാരാണുള്ളത്. എന്നാല്‍ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന ആരോപണം ഉയര്‍ന്ന് കഴിഞ്ഞു. മന്ത്രി ജി സുധാകരന്‍ ഇന്ന് കേന്ദ്രസംഘത്തോടൊപ്പമാണ് പ്രളയബാധിത പ്രദേശത്ത് എത്തിയത്. കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ മാത്രമാണ് ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തിയത്. കുട്ടനാട്ടില്‍ ഇത്രയേറെ ദുരിതം ഉണ്ടായിട്ടും സ്ഥലം എംഎല്‍എയായ തോമസ് ചാണ്ടി പോലും സ്ഥലം സന്ദര്‍ശിച്ചില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി നേരില്‍ക്കണ്ട് വിലയിരുത്താന്‍ കേന്ദ്രസംഘം എത്തിയ ദിവസമാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ദുരിതകാലത്ത് ജനങ്ങളോടൊപ്പം നില്‍ക്കുക എന്നതാണ് ഏറ്റവും മികച്ച രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ കുറ്റംപറയാതെ തോളോട് തോള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താനാണ് താന്‍ കുട്ടനാട്ടിലെത്തിയതെന്നും എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്രയും പരാജയപ്പെട്ട കാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഴക്കെടുതി നേരുടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വരുത്തിയ വീഴ്ച മാപ്പ് അര്‍ഹിക്കാത്തതാണ്. എംഎല്‍എമാര്‍ പ്രളബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞ് നോക്കാത്തത് തെറ്റാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ആരോപണങ്ങള്‍ തള്ളി മന്ത്രി ജി സുധാകരനും തോമസ് ചാണ്ടി എംഎല്‍എയും രംഗത്തെത്തി. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്ന് ജി സുധാകരന്‍ പറഞ്ഞു. ദുരിതബാധിതരെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങളും മരുന്നും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയവിരോധത്തിന്റെ പുറത്താണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് തോമസ് ചാണ്ടി പറഞ്ഞു. വിവിധ ബോട്ടുകളിലും തോണികളിലുമായി എല്ലാ ക്യാമ്പുകളിലും ഭക്ഷണസാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനേക്കാള്‍ അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണവും മരുന്നും ഉറപ്പുവരുത്തുന്നതിനാണ് മുന്‍ഗണന നല്‍കിയത്. തോമസ് ചാണ്ടി പറഞ്ഞു.

DONT MISS
Top