‘യഥാര്‍ത്ഥ വിജയി രാഹുല്‍ ഗാന്ധി’; പ്രശംസകൊണ്ട് മൂടി ശിവസേന മുഖപത്രം സാമ്‌ന

ദില്ലി: അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്‌ന രംഗത്ത്. അവിശ്വാസപ്രമേയത്തെ തോല്‍പ്പിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞെങ്കിലും ഹൃദയം കൊണ്ട് വിജയിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് സാമ്‌ന പറയുന്നു. അവിശ്വാസപ്രമേയചര്‍ച്ചയിലെ പ്രസംഗത്തിലൂടെ പ്രതിപക്ഷത്തിന്റെ ശക്തമായ ശബ്ദമാകാന്‍ രാഹുലിന് കഴിഞ്ഞെന്നും സാമാന അഭിപ്രായപ്പെടുന്നു. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നില്ലെന്ന് ശിവസേന വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി യഥാര്‍ത്ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്നാണ് ബിരുദം നേടിയിരിക്കുന്നതെന്ന് വ്യക്തമായതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. പ്രസംഗത്തിന്റെ അവസാനം രാഹുല്‍ നല്‍കിയ ആലിംഗനം മോദിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചെന്ന് റാവത്ത് ചൂണ്ടിക്കാട്ടി. അതൊരു ആലിംഗനം ആയിരുന്നില്ല, ഒരു ഷോക്ക് ആയിരുന്നു. ചിലര്‍ ഇതിനെ നാടകം എന്ന് വിളിക്കും എന്നാല്‍ രാഷ്ട്രീയത്തില്‍ നാടകം ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. റാവത്ത് പറഞ്ഞു. രാഹുല്‍ രാജ്യത്തെ നയിക്കാന്‍ സന്നദ്ധനാണെന്ന് ആദ്യം പറഞ്ഞത് ശിവസേന ആണെന്നും അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിന്റെ അവസാനം മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുലിന്റെ ചിത്രം ഉള്‍പ്പെടുത്തി വന്‍പ്രാധാന്യത്തോടെയാണ സാമ്‌ന രാഹുലിന്റെ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് സാമ്‌ന ഇത്രവലിയ പ്രാധാന്യത്തോടെ കോണ്‍ഗ്രസിന് അനുകൂലമായി വാര്‍ത്ത നല്‍കുന്നത്.

കഴിഞ്ഞ ദിവസം മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് അവസാനനിമിഷം ശിവസേന വിട്ട് നില്‍ക്കുകയായിരുന്നു. ആദ്യം കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യുമെന്നായിരുന്നു ശിവസേനയുടെ നിലാപട്. എന്നാല്‍ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്ന ദിവസം രാവിലെ അവര്‍ നിലപാട് മാറ്റി. എംപിമാര്‍ക്ക് നല്‍കിയിരുന്ന വിപ്പ് പിന്‍വലിച്ചു. പിന്നീടാണ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്.

DONT MISS
Top