മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമ്പൂര്‍ണ്ണപരാജയം: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചരിത്രത്തിലില്ലാത്ത വിധം കാലവര്‍ഷം കടുത്ത നാശനഷ്ടങ്ങള്‍ സംസ്ഥാനത്തുണ്ടാക്കിയിട്ടും അത് നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടനാട്ടിലും ആലപ്പുഴയിലെ മറ്റു പ്രദേശങ്ങളും വെള്ളപ്പൊക്കം കാരണം കടുത്ത ദുരിതം നേരിടുകയാണ്. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ജനങ്ങള്‍ നട്ടം തിരിയുന്ന കുട്ടനാടും മറ്റു പ്രദേശങ്ങളും താന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ കണ്ട കാഴ്ചകള്‍ ആരെയും ഞടുക്കുന്നതായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നേയില്ല. അധികൃതര്‍ തിരിഞ്ഞു പോലും നോക്കുന്നില്ല. ഇതുവരെ സൗജന്യ റേഷന്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ട്. എന്നാല്‍ ഒരു മന്ത്രി പോലും ദുരിത ബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ കുട്ടനാടിന്റെ ഏഴയലത്തു പോലും കാണുന്നില്ല. ഇത്രയും രൂക്ഷമായ കാലവര്‍ഷക്കെടുതി ഉണ്ടായിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രത്യേക കാബിനറ്റ് യോഗം പോലും ചേര്‍ന്നില്ല. മന്ത്രിമാര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങലുടെ ചുമതല വീതിച്ചു നല്‍കിയിട്ടുമില്ല. ഇതെല്ലാം സാധാരണ ചെയ്യുന്ന കാര്യങ്ങളാണ്. അത് പോലും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

മഴക്കെടുതിയില്‍ അശ്വാസമെത്തിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ടും ദുരിതബാധിതര്‍ക്ക് അടിയന്തിരമായി സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഇന്നലെ താന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ന് ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു.

വെളളത്തില്‍ മുങ്ങിയ കുട്ടനാട്ടിലെ ജനങ്ങള്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് കുടിവെള്ളത്തിനാണ്. പ്രളയത്തില്‍ മുങ്ങിക്കിടക്കുകയാണെങ്കിലും കുടിക്കാനുള്ള ശുദ്ധജലം കിട്ടാക്കനിയാണ്. വെള്ളം നിറഞ്ഞ വീടുകളില്‍ നിന്നും പലര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ കഴിഞ്ഞിട്ടില്ല. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്ത് മൃഗങ്ങളെല്ലാം വെള്ളത്തില്‍ കുടങ്ങിയിരിക്കുന്നത് കൊണ്ട് അവയെ ഉപേക്ഷിച്ച് പോകാന്‍ വീട്ടുകാര്‍ക്ക് സാധിക്കുന്നില്ല.
ഇതിന് പുറമെ കുട്ടനാട് മുഴുവന്‍ പകര്‍ച്ച വ്യാധി ഭീഷണിയിലുമാണ്. അവിടെ വൈദ്യസഹായം എത്തിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതിനകം സംഭരിച്ച നെല്ലെല്ലാം വെള്ളം കയറി ഉപയോഗ ശൂന്യമായത് കര്‍ഷകരെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മറ്റു ജില്ലകളിലും സ്ഥിതി ഏറെക്കുറെ സമാനമാണ്. സംസ്ഥാനത്തൊട്ടാകെ 114 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. സംസ്ഥാനത്തെ 385 ക്യാമ്പുകളിലായി പതിനായിരത്തോളം ജനങ്ങള്‍ വിവിധ ഇടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കാര്യക്ഷമമാക്കിയില്ലങ്കില്‍ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലേക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

DONT MISS
Top