മഴക്കെടുതി: ആലപ്പുഴയില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍റൂം തുറന്നു

കെകെ ശൈലജ

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ആലപ്പുഴ ജില്ലയില്‍ ആരോഗ്യവകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ . 0477 2230711 എന്ന നമ്പരില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍റുമുമായി ബന്ധപ്പെടാവുന്നതാണ്.

കുട്ടനാട് മേഖലയില്‍ 24 മണിക്കൂറും ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കും. ജില്ലയിലെ ഫ്‌ളോട്ടിംഗ് ആബുലന്‍സിന്റെ സേവനവും പരമാവധി പ്രയോജനപ്പെടുത്തും. ഇതിനായി മൂന്ന് ഫ്‌ളോട്ടിംഗ് ആബുലന്‍സുകള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫ്‌ളോട്ടിംഗ് ആംബുലസുകളില്‍ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാണ്. റോഡ് മാര്‍ഗ്ഗം രണ്ട് മെഡിക്കല്‍ ടീമിന്റെ സേവനവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ആലപ്പുഴ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ എന്‍എച്ച്എം മുഖേനെ ഡോക്ടമാര്‍ പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ സേവനം ഉറപ്പുവരുത്തും. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കെഎംഎസ്‌സിഎല്‍, കെഎസ്ഡിപി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ മരുന്നുകള്‍ ജില്ലയില്‍ ലഭ്യമാക്കും. ഏത് അടിയന്തര സാഹചര്യം നേരിടാനും ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും മന്ത്രി അറിയിച്ചു.

DONT MISS
Top