“പീഡനത്തിനിരയാകുന്നത് നിങ്ങളുടെ തെറ്റല്ല, അക്രമം ചെയ്യുന്നവരാണ് തെറ്റുകാര്‍”, മമ്തയ്ക്ക് മറുപടിയുമായി റിമയും ആഷിഖ് അബുവും

നടി മംമ്താ മോഹന്‍ദാസിന് മറുപടിയുമായി ആഷിഖ് അബുവും റിമ കല്ലിങ്കലും. എല്ലാ തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്ന് സംവിധായകന്‍ ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സ്ത്രീകള്‍ കുഴപ്പങ്ങളില്‍പ്പെടുന്നതിന്റെ ഉത്തരവാദിത്തം അവര്‍ക്കുതന്നെയെന്ന മംമ്തയുടെ പ്രസ്താവനയ്ക്കുളള മറുപടിയാണ് ആഷിഖ് നല്‍കിയത്. നിങ്ങള്‍ പീഡനത്തിന് ഇരയാവുന്നത് നിങ്ങളുടെ തെറ്റല്ല, അത് ചെയ്യുന്നവര്‍ ആണ് തെറ്റുകാര്‍ എന്ന് നടി റിമയും തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇത് തുറന്നുപറയാമോ എന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ ഒരു സ്ത്രീ കുഴപ്പത്തിലാകുന്നുവെങ്കില്‍ അവര്‍ക്കും എവിടെയൊക്കെയോ ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്നു. എന്നെ വിലകല്‍പിക്കാത്ത തരത്തിലുള്ള ഒരു സാഹചര്യത്തില്‍ ഞാന്‍ തുടരവെ, ലൈംഗികാതിക്രമങ്ങളോ അത്തരത്തിലുള്ള എന്തെങ്കിലുമോ കാരണം ഞാന്‍ കുഴപ്പത്തിലായാല്‍ ഞാന്‍ അതിനെ എവിടെയൊക്കെയോ പ്രോത്സാഹിപ്പിച്ചതായി എനിക്ക് തോന്നും. ഞാന്‍ ഒന്നിലേക്കും ചൂണ്ടിയല്ല ഇതുപറയുന്നത് കാരണം ആര്‍ക്കും അങ്ങനെ സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, എന്നാണ് മമ്ത ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ സാംഗത്യത്തേക്കുറിച്ചും മമ്ത ചോദ്യങ്ങളുന്നയിച്ചു.

മമ്തയുടെ അഭിപ്രായ പ്രകടനം വിവാദമാവുകയാണ്. ഒരു സ്ത്രീ അക്രമിക്കപ്പെട്ടാല്‍ അത് സ്ത്രീയുടെ ഉത്തരവാദിത്തമാമെണെന്ന കടുത്ത സ്ത്രീ വിദ്വേഷ പ്രസ്താവന മമ്തയില്‍നിന്ന് പ്രതീക്ഷിച്ചില്ല എന്നും അഭിപ്രായമുയരുന്നു. സ്ത്രീകളെ സൗന്ദര്യമുള്ളവര്‍ സൗന്ദര്യമില്ലാത്തവര്‍ എന്ന് വേര്‍തിരിച്ചുള്ള മമ്തയുടെ പ്രസ്താവനയും കടുത്ത പ്രതികരണമാണ് ഏറ്റുവാങ്ങുന്നത്.

DONT MISS
Top