മലബാര്‍ സിമന്റ്‌സ് അഴിമതി: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മലബാര്‍ സിമന്റ് അഴിമതിക്കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്ന കേസുകള്‍ കൂടി സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മരിച്ച ശശീന്ദ്രന്റെ അച്ഛന്‍ വേലായുധന്‍, പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരം എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. അതിനാല്‍ കേസുകള്‍ വീണ്ടും സിബിഐയ്ക്ക് വിടേണ്ടതില്ലെന്നും വിജിലന്‍സ് അന്വേഷണം തുടരട്ടെയെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ വ്യവസായി വിഎം രാധാകൃഷ്ണനും മുന്‍ ഉദ്യോഗസ്ഥരും പ്രതികളായ കേസുകളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഈ കേസുകളും സിബിഐയ്ക്ക് വിടണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ സിബിഐ അന്വേഷണത്തിനിടെ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്താതിരുന്ന 36 രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റ് കേസുകളും സിബിഐയ്ക്ക് വിടണമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ ഒറ്റക്കാരണം കൊണ്ട് മാത്രം കേസ് സിബിഐയ്ക്ക് കൈമാറാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.

അതേസമയം, വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് പിന്‍വിലക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ നീക്കത്തിനെതിരെ നല്‍കിയിരിക്കുന്ന ഹര്‍ജി ഈ മാസം 30 ന് പരിഗണിക്കാനായി മാറ്റി. കമ്പനി ചെയര്‍മാനായിരുന്ന ജോണ്‍ മത്തായി അടക്കമുള്ളവര്‍ പ്രതിയായ കേസ് പിന്‍വലിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

DONT MISS
Top