“ഒരു സ്ത്രീ കുഴപ്പത്തിലാകുന്നുണ്ടെങ്കില്‍, എവിടെയൊക്കെയോ അവര്‍ക്കും ചില ഉത്തരവാദിത്തമുണ്ടെന്നുതന്നെ കരുതുന്നു; സൗന്ദര്യമുള്ള സ്ത്രീകള്‍ കൂടുതല്‍ കുഴപ്പത്തില്‍ അകപ്പെടുന്നു”, കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി മമ്ത മോഹന്‍ദാസ്


ഒരു സ്തീ കുഴപ്പത്തിലാകുന്നതില്‍ അവള്‍ക്കും എവിടെയൊക്കെയോ ഒരു ഉത്തരവാദിത്തമുണ്ടെന്ന് അഭിനേത്രി മമ്ത മോഹന്‍ദാസ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തിലാണ് അവര്‍ മനസുതുറന്നത്. നടി ആക്രമിക്കപ്പെട്ട കേസിനേക്കുറിച്ചും വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനേക്കുറിച്ചും മമത സംസാരിക്കുന്നുണ്ട്.

“ഇത് തുറന്നുപറയാമോ എന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ ഒരു സ്ത്രീ കുഴപ്പത്തിലാകുന്നുവെങ്കില്‍ അവര്‍ക്കും എവിടെയൊക്കെയോ ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്നു. എന്നെ വിലകല്‍പിക്കാത്ത തരത്തിലുള്ള ഒരു സാഹചര്യത്തില്‍ ഞാന്‍ തുടരവെ, ലൈംഗികാതിക്രമങ്ങളോ അത്തരത്തിലുള്ള എന്തെങ്കിലുമോ കാരണം ഞാന്‍ കുഴപ്പത്തിലായാല്‍ ഞാന്‍ അതിനെ എവിടെയൊക്കെയോ പ്രോത്സാഹിപ്പിച്ചതായി എനിക്ക് തോന്നും. ഞാന്‍ ഒന്നിലേക്കും ചൂണ്ടിയല്ല ഇതുപറയുന്നത് കാരണം ആര്‍ക്കും അങ്ങനെ സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല”, മമ്ത പറഞ്ഞു.

“സൗന്ദര്യമുള്ള സ്ത്രീകള്‍ കൂടുതല്‍ ആക്രമിക്കപ്പെടുന്നുവെന്നും എനിക്ക് തോന്നുന്നു. നമുക്കറിയാവുന്നതുപോലെ സ്വതന്ത്രയും സുന്ദരിയും സ്വന്തംകാലില്‍ നില്‍ക്കുന്നവളുമായ ഒരു സ്ത്രീയ്ക്ക് ജീവിച്ചുപോകാന്‍ വലിയ പാടാണ്. അശുഭകരമായ പല സംഗതികളുടേയും ഇരയുമാണ് നമ്മള്‍. എനിക്ക് തോന്നുന്നത് കാണാന്‍ ശരാശരിക്കാരിയായ ഒരു യുവതിക്ക് കുറച്ചുകൂടി എളുപ്പത്തില്‍ ജീവിക്കാമെന്നാണ്. എല്ലാത്തരത്തിലും, ബന്ധങ്ങള്‍ മുതല്‍ ജോലിവരെ, അവര്‍ക്ക് കുറച്ചുകൂടി നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു”, മമ്ത കൂട്ടിച്ചേര്‍ത്തു.

താന്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ അംഗമല്ല എന്നും അത്തരത്തിലൊരു വനിതകള്‍ക്കുമാത്രമായ കൂട്ടായ്മയുടെ ആവശ്യമെന്താണെന്നും മമ്ത ചോദിച്ചു.

DONT MISS
Top