അവിശ്വാസപ്രമേയം: ബിജെപിയ്ക്ക് തിരിച്ചടി, ശിവസേന വിട്ടുനില്‍ക്കും

ഫയല്‍ ചിത്രം

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ നിലപാട് വ്യക്തമാക്കി ശിവസേന. പ്രമേയാവതരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശിവസേനയുടെ തീരുമാനം. പ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ വേണ്ടെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എടുത്തിരിക്കുന്ന നിലപാട്. ബിജെപിക്ക് വന്‍തിരിച്ചടി ആകുന്നതാണ് ശിവസേനയുടെ നിലപാട്. ശിവസേനയ്ക്ക് ലോക്‌സഭയില്‍ 18 അംഗങ്ങളാണ് ഉള്ളത്.

കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉദ്ധവ് താക്കറെ ടെലിഫോണില്‍ വിളിച്ച് പിന്തുണ ഉറപ്പാക്കിയിരുന്നു. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്നും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും കാട്ടി കഴിഞ്ഞ ദിവസം പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഈ നിലപാടില്‍ നിന്ന് ശിവസേന മലക്കം മറിഞ്ഞു. പാര്‍ട്ടി എംപിമാര്‍ക്ക് നല്‍കിയ വിപ്പ് പിന്‍വലിച്ചു. പിന്നീടാണ് അവിശ്വാസപ്രമേയചര്‍ച്ചയില്‍ പങ്കെടുക്കുകയേ വേണ്ടെന്ന നിലപാട് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ സ്വീകരിച്ചിരിക്കുന്നത്.

ശിവസേന അനുകൂലിച്ച് വോട്ട് ചെയ്തില്ലെങ്കിലും അത് കണക്കിലെ കളികളില്‍ ബിജെപിയെ ബാധിക്കില്ല. ലോക്‌സഭയില്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് 273 അംഗങ്ങളുണ്ട്. നിലവില്‍ അവിശ്വാസം പാസാകാന്‍ 266 അംഗങ്ങളുടെ പിന്തുണ വേണം. എന്നാല്‍ പ്രിതപക്ഷത്തിന് പരമാവധി ഉറപ്പാക്കാന്‍ കഴിയുന്നത് 149 അംഗങ്ങളുടെ പിന്തുണമാത്രമാണ്. എന്നാല്‍ വര്‍ഷങ്ങളായുള്ള സഖ്യകക്ഷിയായ ശിവസേനയുടെ നിലപാട് ബിജെപിക്ക് നല്‍കുന്ന മാനസിക ആഘാതം ചെറുതല്ല. ഇത് പ്രതിപക്ഷത്തിന് ഇത് ഊര്‍ജം നല്‍കുകയും ചെയ്യും.

DONT MISS
Top