എസ്ഡിപിഐയുടെ വിരട്ടല്‍ വേണ്ട, ഇനി പാര്‍ട്ടിയുണ്ട് കൂടെ; വധഭീഷണി നേരിട്ട നവദമ്പതികള്‍ക്ക് സിപിഐഎം സംരക്ഷണം


തിരുവനന്തപുരം: നവദമ്പതികള്‍ ഷഹാനക്കും ഹാരിസണും സിപിഐ എം സംരക്ഷണം നല്‍കും. മിശ്രവിവാഹിതരായതിന് എസ്ഡിപിഐ ഇവര്‍ക്കെതിരെ വധഭീഷണിമുഴക്കിയിരുന്നു. ഹാരിസണിന്റെ കൊട്ടിയോടുള്ള വീട്ടിലെത്തിയാണ് സിപിഐഎം നേതാക്കള്‍ സംരക്ഷണം ഉറപ്പു നല്‍കിയത്. തങ്ങള്‍ വിവാഹം കഴിച്ചത് ജാതിയും മതവും നോക്കിയല്ലെന്നും, പരസ്പരം മതം മാറാന്‍ ആവശ്യപ്പെടില്ലെന്നുമാണ് ഹാരിസണിന്റെയും ഷഹാനയുടെയും നിലപാട്. എന്നാല്‍ ഇതിലും മതമൗലികവാദികള്‍ ഇടപെട്ട് സാഹചര്യം വഷളാക്കുകയായിരുന്നു.

എസ്ഡിപിഐയില്‍ നിന്നും ഇവര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. ഹാരിസണിനേയും ഷഹാനയേയും, ഹാരിസണിന്റെ വീട്ടുകാരേയും കൊല്ലുമെന്ന് ഭീഷണിയുള്ളതായി ഹാരിസണ്‍ ബുധനാഴ്ച വൈകുന്നേരം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ പറയുന്നു. ആറ്റിങ്ങലില്‍ എസ്ഡിപിഐക്കാര്‍ തങ്ങളെ കൊല്ലാന്‍ ക്വൊട്ടേഷന്‍ നല്‍കി എന്ന ഗുരുതര ആരോപണവും വീഡിയോയില്‍ ഷഹാന ഉന്നയിക്കുന്നുണ്ട്.

തുടര്‍ന്നാണ് മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് പിന്തുണയുമായി സിപിഐഎം രംഗത്തെത്തിയത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ രാമു, ഏരിയ കമ്മിറ്റി അംഗം രാജു, ഡിവൈഎഫ്‌ഐ ആറ്റിങ്ങല്‍ ബ്ലോക്ക് സെക്രട്ടറി അനൂപ് എന്നിവര്‍ വിഷയമറിഞ്ഞ് ഹാരിസണിന്റെ വീട്ടില്‍ നേരിട്ടെത്തി സംസാരിച്ചു.

വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ ദമ്പതികള്‍ ഒളിവിലായിരുന്നു. സിപിഐഎം നേതാക്കള്‍ നല്‍കിയ പിന്തുണയെ തുടര്‍ന്നാണ് ഇവര്‍ വീട്ടിലെത്തിയത്. സിപിഐഎം നേതാക്കള്‍ പിന്തുണ വാഗ്ദാനം ചെയ്തതോടെ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരയി കാര്യങ്ങള്‍ ബോധിപ്പിച്ചു.

ഹാരിസണും ഷഹാനയും പങ്കുവച്ച ലൈവ് വീഡിയോ താഴെ കാണാം.

DONT MISS
Top