പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകം പിന്‍വലിക്കണമെന്ന് ബിജെപി

ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകം വിദ്യാഭ്യാസ വകുപ്പ് പിന്‍വലിക്കണമെന്ന് ബിജെപി. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തില്‍ ലെനിനെ വാഴ്ത്തുന്ന പുസ്തകം ഗാന്ധിജിയെ അവഗണിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. റഷ്യന്‍ വിപ്ലവത്തെ പാഠ പുസ്തകത്തില്‍ വളച്ചൊടിച്ചു. പുസ്തകം പിന്‍വലിച്ച് റഷ്യന്‍ വിപ്ലവത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

പത്താം ക്ലാസിലെ സമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ വിദ്യാര്‍ത്ഥികളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലാണ് പാഠ ഭാഗങ്ങളെന്നാണ് ബിജെപിയുടെ ആരോപണം. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തില്‍ ഇന്ത്യന്‍ സ്വാതന്ത്യ സമരം ഉള്‍പ്പെടുത്തിയില്ല. അമേരിക്കന്‍ സ്വാതന്ത്ര്യ സമരം, ഫ്രഞ്ച് വിപ്ലവം, ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവം, റഷ്യന്‍ വിപ്ലവം, ചൈന വിപ്ലവം എന്നിവയാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. ലെനിന് നല്‍കിയ വില ഗാന്ധിജിക്ക് നല്‍കാതെ വിദ്യാര്‍ത്ഥികളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്. ഗാന്ധിജിയെ പിണറായി സര്‍ക്കാറിന് ഭയമായതിനാലാണ് ഉള്‍പ്പെടുത്താതിരുന്നതെന്നും ലോകത്തിലെ ഏറ്റവും സ്വാധീനിച്ച ജനകീയ വിപ്ലവമായിരുന്നു ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. രവീന്ദ്രന്‍ മാസ്റ്ററുടെ ചുവപ്പന്‍ നയമാണ് വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പിക്കുന്നത്.

റഷ്യന്‍ വിപ്ലവത്തെ മഹത്തായ ഒക്ടോബര്‍ വിപ്ലവമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 1917 ഒക്ടോബര്‍ 25 ന് നടന്ന പട്ടാള അട്ടിമറിയാണ് ഒക്ടോബര്‍ വിപ്ലവമായി ഉയര്‍ത്തി കാട്ടിയിരിക്കുന്നത്. സൈനിക അട്ടിമറിക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 72 ശതമാനം വോട്ടു നേടി വിജയിച്ചത് കരണ്‍സ്‌കിയാണ്. ബോള്‍ഷെവിക്കുകള്‍ക്ക് വെറും 23 ശതമാനം മാത്രം വോട്ടാണ് ലഭിച്ചത്. എന്നാല്‍ കരണ്‍സ്‌കിയെ കുറിച്ച് ഒരു വരി മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നും വിമര്‍ശിക്കുന്നു. റഷ്യയില്‍ യഥാര്‍ത്ഥ വിപ്ലവം നടന്നത് ഫെബ്രുവരിയിലാണ്. ഇത് പാഠപുസ്തകത്തില്‍ ഇല്ല. ഒക്ടോബര്‍ വിപ്ലവത്തിലെ ലെനിന്റെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോ എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. അതേ സമയം യുഡിഎഫ് ഭരണകാലത്താണ് പാഠ പുസ്തകം അച്ചടിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പുസ്തകം തയ്യാറാക്കുന്ന എസ്‌സിഇആര്‍ടി ജീവനക്കാരെല്ലാം കമ്യൂണിസ്റ്റുകളാണെന്നായിരുന്നു മറുപടി.

DONT MISS
Top