ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികപീഡനം: ഇരയായ യുവതിയെ അധിക്ഷേപിച്ച് പ്രതിയായ വൈദികന്റെ വീഡിയോ, വിവാദമായപ്പോള്‍ നീക്കം ചെയ്തു

പ്രതീകാത്മക ചിത്രം

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരയെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ഒളിവില്‍ കഴിയുന്ന വൈദികന്റെ വീഡിയോ. കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് പുറത്ത് വിട്ട വീഡിയോയിലാണ് യുവതിക്കെതിരായ പരാമര്‍ശം. പിന്നീട് ഈ വീഡിയോ നീക്കം ചെയ്തു.

പെണ്‍കുട്ടിയുടെ അമ്മയുമായി സംസാരിച്ചതില്‍ നിന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ എന്ന നിലയ്ക്കാണ് കേസിലെ ഒന്നാം പ്രതി പെണ്‍കുട്ടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഈ പെണ്‍കുട്ടി എന്റെ കസിന്റെ മകളാണ്. ഞങ്ങള്‍ ഒരേ കുടുംബയോഗത്തില്‍പ്പെട്ടവരാണ്. പക്ഷേ ഇത്ര സ്വഭാവ ദൂഷ്യങ്ങള്‍ ഈ പെണ്‍കുട്ടിക്ക് ഉണ്ടെന്ന് അവരുടെ അമ്മയോട് സംസാരിച്ചപ്പോഴാണ് മനസിലായത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അമ്മയുടെ വഴിവിട്ട ജീവിതം കണ്ടാണ് ആ പെണ്‍കുട്ടി ഇങ്ങനെ ആയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. പെണ്‍കുട്ടിക്ക് മോഷണ സ്വഭാവം ഉണ്ടെന്നും വീഡിയോയില്‍ എബ്രഹാം വര്‍ഗീസ് ആരോപിക്കുന്നു.

വിവാഹമോചനം നടന്നാല്‍ വിവാഹസമയത്ത് പിതൃസ്വത്തായിട്ട് ലഭിച്ചതൊന്നും മടക്കിത്തരേണ്ട എന്ന് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഭാര്യാപിതാവില്‍ നിന്ന് രേഖാമൂലം എഴുതി വാങ്ങിയതായും പ്രതിയായ വൈദികന്‍ പറയുന്നു. പെണ്‍കുട്ടിയെ അധിക്ഷേപിച്ച് സംസാരിച്ച ശേഷം തനിക്കെതിരെ പെണ്‍കുട്ടി പറഞ്ഞ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും എബ്രഹാം വര്‍ഗീസ് വീഡിയോയില്‍ പറയുന്നു. തനിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും കാലം മാധ്യമങ്ങളോട് പ്രതികരിക്കാത്തതെന്നും വൈദികന്‍ പറയുന്നു. എന്നാല്‍ വിവാദമായതിനെ തുടര്‍ന്ന് എബ്രഹാം വര്‍ഗീസ് വീഡിയോ നീക്കം ചെയ്തു.

DONT MISS
Top