‘ജനാധിപത്യസംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള എല്ലുറപ്പ് സംഘപരിവാറുകാര്‍ക്കില്ല, അതുണ്ടാകണമെങ്കില്‍ മിനിമം എഴുത്തും വായനയുമെങ്കിലും അറിയണം’; സ്വാമി അഗ്നിവേശ് വിഷയത്തില്‍ തോമസ് ഐസക്

തോമസ് ഐസക്

കൊച്ചി: ആശയങ്ങളെയും നിലപാടുകളെയും നേര്‍ക്കുനേര്‍ നേരിടുന്നതില്‍ സംഘപരിവാറുകാരുടെ ഭീരുത്വമാണ് സ്വാമി അഗ്‌നിവേശിനെതിരെയുള്ള അവരുടെ ആക്രമണത്തില്‍ വീണ്ടും തെളിഞ്ഞതെന്ന് ധനമന്ത്രി തോമസ് ഐസക്. കൈക്കരുത്തുകൊണ്ടും സംഘബലം കൊണ്ടും തങ്ങള്‍ക്കിഷ്ടമില്ലാത്ത നിലപാടുകളെ നിഷ്‌കാസനം ചെയ്യാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അക്രമത്തേക്കാള്‍ നീചമാണ് അതിനെ ന്യായീകരിച്ചുകൊണ്ട് ബിജെപി നേതാക്കള്‍ നടത്തിയ പ്രതികരണം. റാഞ്ചിയ്ക്കു സമീപം ഒരു ആദിവാസി യോഗത്തില്‍ പ്രസംഗിക്കാനെത്തിയ സ്വാമി അഗ്‌നിവേശിനെ മുപ്പതംഗ സംഘപരിവാര്‍ അക്രമിസംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. വയോധികനായ അദ്ദേഹത്തെ അക്രമികള്‍ നിലത്തിട്ടു ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും അസഭ്യം പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കില്‍ മാന്യമായി അതു പ്രകടിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ അത്തരം ജനാധിപത്യസംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള എല്ലുറപ്പ് സംഘപരിവാറുകാര്‍ക്കില്ല. അതുണ്ടാകണമെങ്കില്‍ മിനിമം എഴുത്തും വായനയുമെങ്കിലും അറിയണം. അതില്ലാത്തതുകൊണ്ടാണ് വ്യത്യസ്താഭിപ്രായം പറയുന്നവരെ കായികമായി കീഴ്‌പ്പെടുത്തി വരുതിയ്ക്കു നിര്‍ത്താന്‍ ശ്രമിക്കുന്നത്, ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഗ്‌നിവേശിനെ ഞാനാദ്യം കാണുന്നത് എഴുപതുകളുടെ അവസാനം ഡോ മാത്യു കുര്യന്‍ കോട്ടയത്തു വെച്ച് സംഘടിപ്പിച്ച ഒരു സെമിനാറില്‍ വെച്ചാണ്. മാത്യു കുര്യനാണ് സ്വാമി അഗ്‌നിവേശിനെ കേരളത്തിന് പരിചയപ്പെടുത്തിയത്. പിന്നീട് പുരോഗമനാശയക്കാരുടെ എത്രയോ വേദികളില്‍ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ട്. അടിമത്തൊഴില്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയും അത്തരം തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയും ഏറ്റവുമധികം ശബ്ദമുയര്‍ത്തിയ പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. ജനകീയാസൂത്രണകാലത്ത് ആ പ്രവര്‍ത്തനങ്ങള്‍ കാണാനും മനസിലാക്കാനും അദ്ദേഹം കേരളത്തിലുമെത്തിയിരുന്നു.

എണ്‍പതാം വയസിലും ഊര്‍ജ്വലനാണ് അഗ്‌നിവേശ്. സാമൂഹ്യപ്രവര്‍ത്തനരംഗത്ത് പുരോഗമന കാഴ്ചപ്പാടോടെ ഇടപെടുന്ന മധ്യപ്രദേശിലെ ആദിവാസികളെ സംഘടിപ്പിച്ച് അടിമത്തൊഴിലിനെതിരെ രണ്ടു വര്‍ഷം മുമ്പു നടത്തിയ ജാഥ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇങ്ങനെയൊരു സാത്വികനായ മനുഷ്യനെയാണ് അടിച്ചും ചവിട്ടിയും തെറി പറഞ്ഞും നിശബ്ദനാക്കാന്‍ സംഘപരിവാര്‍ തയ്യാറായത്. ആ അഭിപ്രായങ്ങളെയും അഗ്‌നിവേശിന്റെ സാമൂഹ്യ ഇടപെടലുകളെയും അവര്‍ എത്രമാത്രം ഭയക്കുന്നു എന്നു തന്നെയാണ് ഈ അക്രമം തെളിയിക്കുന്നത്,’ ഐസക് പറഞ്ഞു.

സ്വാമി അഗ്‌നിവേശിനെ സംഘപരിവാര്‍ ക്രൂരമായി ആക്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് എവിടെയായിരുന്നുവെന്ന് ഐസക് ചോദിച്ചു. നാടു ശ്രദ്ധിക്കുന്ന ഒരു പ്രതിഷേധവും കോണ്‍ഗ്രസില്‍ നിന്നുണ്ടായില്ല. സംഘപരിവാര്‍ തടയുമെന്നു പ്രഖ്യാപിച്ച സ്വാമി അഗ്‌നിവേശിനെ സ്വീകരിക്കാന്‍ ചെങ്കൊടിയേന്തിയ ഏതാനും സിപിഐഎം പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. ഝാര്‍ഖണ്ഡില്‍ ചെങ്കൊടിയേന്തി ഏതാനും ഇടതുപക്ഷ പ്രവര്‍ത്തകരാണ് പ്രതിഷേധിക്കാനുണ്ടായിരുന്നത്. കോണ്‍ഗ്രസ് ആ പരിസരത്ത് എവിടെയും ഉണ്ടായിരുന്നില്ല. ഇങ്ങനെയല്ല സംഘപരിവാര്‍ ഭീഷണിയെ ചെറുക്കേണ്ടത് എന്നുമാത്രം കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top