ഹൈക്കോടതി പരാമര്‍ശം വര്‍ഗീയ സംഘടനകള്‍ക്ക് ശക്തിപകരുന്നതാണെന്ന് എഐഎസ്എഫ്

കേരള ഹൈക്കോടതി

തിരുവനന്തപുരം: കലാലയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വര്‍ഗീയ സംഘടനകള്‍ക്ക് ശക്തിപകരുന്നതാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭിപ്രായപെട്ടു.

എറണാകുളം മഹാരാജാസില്‍ കോളെജിന് പുറത്തുനിന്നെത്തിയ കൊലയാളി സംഘം ആസൂത്രിതമായിട്ടാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വര്‍ഗീയ-തീവ്രവാദികളായ പോപ്പുലര്‍ഫ്രണ്ടാണ് ക്രൂരമായ കൊലനടത്തിയത്. വര്‍ഗീയ സംഘടനകളെ അടിച്ചമര്‍ത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതിനുപകരം കലാലയങ്ങളിലെ വിദ്യാര്‍ത്ഥിരാഷ്ട്രീയം നിരോധിക്കുന്നതിനെകുറിച്ച് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല, എഐഎസ്എഫ് പറയുന്നു.

18 വയസ് പ്രായപൂര്‍ത്തി വോട്ട് അവകാശമുള്ള ഇന്ത്യന്‍ പൗരന്‍മാരാണ് ക്യാമ്പസുകളില്‍ പഠിക്കുന്നത്. ജനാധിപത്യ രാജ്യത്ത് ക്ലാസ്മുറികളില്‍ ജനാധിപത്യം വേണ്ടെന്ന് വാദിക്കുന്നത് തെറ്റാണ്. വര്‍ഗീയ ഫാസിസത്തെ പരാജയപ്പെടുത്താന്‍ രാഷ്ട്രീയമുള്ള ക്യാമ്പസുകള്‍ക്ക് മാത്രമേ കഴിയൂ. ക്യാമ്പസുകളില്‍ സമരപരിപാടികളും, പ്രതിഷേധങ്ങളും, ധര്‍ണ്ണകളും നടത്താന്‍ പാടില്ലാ എന്ന് കോടതി പറയുന്നത് പൗരന്റെ മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണ്. അനവസരത്തിലുള്ള കോടതി പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജെ അരുണ്‍ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

DONT MISS
Top