ശബരിമല സ്ത്രീ പ്രവേശനം: “എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കരുത്”, മുന്‍ നിലപാട് മാറ്റാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്


എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധം ആയ നിലപാട് ആകും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് മുമ്പാകെ സ്വീകരിക്കുക. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്ന് വ്യക്തമാക്കി മുന്‍ ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ നിലപാട് തന്നെ ആകും ഇടത് പക്ഷ സര്‍ക്കാര്‍ നിയമിച്ച ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ സ്വീകരിക്കുക.

ആരാധനാലയങ്ങളെ സംബന്ധിച്ചെടുത്തോളം ആചാര അനുഷ്ടാനങ്ങള്‍ക്ക് ആണ് പ്രാധാന്യം നല്‍കേണ്ടത്. ഭരണഘടന അത്തരം ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതി എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കരുത്. കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ ആയിരുന്നപ്പോള്‍ ഈ നിലപാട് ആണ് അക്കാലത്ത് ബോര്‍ഡിന് വേണ്ടി ഹാജര്‍ ആയിരുന്ന സീനിയര്‍ അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചത്.

ഈ നിലപാട് മാറ്റേണ്ടത് ഇല്ല എന്നാണ് സിപിഎം നേതാവ് എ പദ്മകുമാര്‍ ചെയര്‍മാനായ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നിലപാട് ആവര്‍ത്തിച്ച് പുതിയ സത്യവാങ് മൂലം ഫയല്‍ ചെയ്യില്ല. ദേവസ്വം ബോര്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയോ, മോഹന്‍ പരാശരനോ ഹാജര്‍ ആകും.

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന കാലത്ത് എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്ന നിലപാട് ആണ് സുപ്രിം കോടതിയില്‍ സ്വീകരിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈ നിലപാടില്‍ മാറ്റം വരുത്തി. ആചാര അനുഷ്ടാനങ്ങളില്‍ കോടതി ഇടപെടരുത് എന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാട്.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ശബരിമല കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ വി ഗിരി ആചാര അനുഷ്ടാനങ്ങളില്‍ കോടതി ഇടപെടരുത് എന്നായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നിലപാട് കോടതിയില്‍ ആവര്‍ത്തിച്ചു. ഇത് വിവാദം ആകുകയും ഗിരിയെ സര്‍ക്കാര്‍ അഭിഭാഷക സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം സുപ്രിം കോടതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിക്കുകയും, വിഎസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ് മൂലം ആണ് സര്‍ക്കാരിന്റെ നിലപാട് എന്ന് വിശദീകരിക്കുകയും ചെയ്തു. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന നിലപാട് തന്നെ ആകും സംസ്ഥാന സര്‍ക്കാര്‍ ഭരണഘടന ബെഞ്ചിന് മുമ്പാകെ എടുക്കുക.

എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാം എന്ന നിലപാട് ആണ് സിപിഎംന്റേത് എന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇടത് പക്ഷം നിയമിച്ച ദേവസ്വം ബോര്‍ഡ് ആ നിലപടിനോട് യോജിക്കുന്നില്ല. അത് കൊണ്ട് തന്നെ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയെ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എതിര്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

DONT MISS
Top