അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്ക്: പൊലീസ് ഹൈക്കോടതിയില്‍

കൊല്ലപ്പെട്ട് അഭിമന്യു

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ കൈവെട്ട് കേസിലെ പ്രതിയ്ക്ക് മുഖ്യപങ്കെന്ന് പൊലീസ് ഹൈക്കോടതിയില്‍. തൊടുപുഴ ന്യൂമാന്‍സ് കോളെജ് അധ്യാപകനായിരുന്ന ജോസഫിന്റെ കൈവെട്ടിയ കേസിലെ പതിമൂന്നാം പ്രതി മനാഫിനാണ് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. കൊലപാതകത്തിന്റെ ഗൂഢാലോനയില്‍ മനാഫിന് മുഖ്യപങ്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

പൊലീസ് വേട്ടയാടുന്നു എന്നാരോപിച്ച് മനാഫ്, പള്ളുരുത്തി സ്വദേശി ഷമീര്‍ എന്നിവരുടെ ഭാര്യമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഇവരുടേതും അഭിമന്യു വധക്കേസില്‍ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ ആദിലിന്റെ മാതാവിന്റെയും ഹര്‍ജികള്‍ കോടതി തള്ളി.

അഭിമന്യു വധക്കേസില്‍ സ്വതന്ത്രമായ അന്വേഷണമാണ് നടക്കുന്നതെന്നും അന്വേഷണം വഴിതെറ്റിക്കാന്‍ എസ്ഡിപിഐ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ തള്ളിയത്.

കൈവെട്ട് കേസില്‍ പതിമൂന്നാം പ്രതിയായിരുന്ന മനാഫിനെ വിചാരണയ്ക്കിടെ വെറുതെ വിട്ടിരുന്നു. മനാഫ് അഭിമന്യു വധക്കേസിലെ ഗൂഢാലോചനയില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ്. പള്ളുരുത്തി സ്വദേശിയായ ഷമീറാണ് അഭിമന്യു വധക്കേസിലെ പ്രതികളെ രക്ഷപെടാന്‍ സഹായിച്ചത്. നിലവില്‍ ഒളിവിലായ ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

DONT MISS
Top