“ഞങ്ങള്‍ക്കെതിരെ എഴുതുന്നത് നിറുത്തിയില്ലെങ്കില്‍ പിന്നെ വാണിംഗ് ഉണ്ടാവില്ല”, പോപ്പുലര്‍ഫ്രണ്ടിന്റെ തീവ്രവാദം സോഷ്യല്‍ മീഡിയയില്‍ തുറന്നെഴുതിയയാള്‍ക്ക് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വധഭീഷണി

അഭിമന്യുവിന്റെ കൊലയുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെയും ക്യാമ്പസ് ഫണ്ടിന്റെയും തീവ്രവാദത്തേക്കുറിച്ച് തുറന്നെഴുതിയയാള്‍ക്ക് വധഭീഷണി. ഇടതുപക്ഷനിരീക്ഷകനായ അനീഷ് ഷംസുദീന്‍ എന്നയാള്‍ക്കാണ് പോപുലര്‍ ഫ്രണ്ട് വക വധഭീഷണി. സോഷ്യല്‍ മീഡിയയില്‍ സമകാലിക രാഷ്ട്രീയവിശകലനം നടത്താറുള്ള അനീഷ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

‘ഞങ്ങള്‍ക്ക് കേസൊന്നും ഒരു വിഷയമല്ല എന്നറിയാല്ലൊ . മഹാരാജാസിലെ സംഭവം അറിയാമല്ലൊ. അവനു ലാസ്റ്റായിട്ട് ഒരു വാണിംഗ് കൂടി കൊടുക്കും. ഞങ്ങള്‍ക്കെതിരെ എഴുതുന്നത് നിറുത്തിയില്ലെങ്കില്‍ പിന്നെ വാണിംഗ് ഉണ്ടാവില്ല’ എന്നുംമറ്റുമാണ് ഭീഷണി. വോയിസ് ക്ലിപ്പായി അനീഷ് ഷംസുദീന്റെ സുഹൃത്തിന് അയയ്ക്കുകയായിരുന്നു.

ഷാനവാസ് കൊടിയന്‍ എന്നയാളാണ് അനീഷ് ഷംസുദീനെതിരെ വധഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുന്നത്. ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ അഭിമന്യുവിനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകളും ഷാനവാസ് കൊടിയന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാണാവുന്നതാണ്. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ പേടിക്കില്ല എന്ന് അനീഷ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

എന്നാല്‍ കൊലപാതകത്തിന് യാതൊരു മടിയുമില്ലാത്തവരാണ് പോപുലര്‍ ഫ്രണ്ട് എന്നും കടുത്ത തീവ്രവാദ സ്വഭാവമുള്ള സംഘടനാണിതെന്നും കമന്റുകള്‍ വരുന്നുണ്ട്. ആശയപരമായി സംവദിക്കാന്‍മാത്രം വിവരം ഇല്ലാത്തവരാണ് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും, അതിനാല്‍ സൂക്ഷിക്കണമെന്നും ചിലര്‍ അനീഷ് ഷംസുദീന് മുന്നറിയിപ്പ് നല്‍കുന്നു. പൊലീസില്‍ പരാതി നല്‍കാനും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടുകാരെ നേരിട്ടറിയാമെന്നും അതിനാല്‍ അവരെ വിഷമിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും അനീഷ് വ്യക്തമാക്കി.

DONT MISS
Top