ഇനി രാജാക്കന്‍മാര്‍ ഫ്രാന്‍സ്, തോറ്റെങ്കിലും ക്രൊയേഷ്യയുടേത് രാജകീയ മടക്കം തന്നെ

മോസ്‌കോ: മുപ്പത്തിരണ്ട് ദിനരാത്രങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ രാവിന്‍ വെളിച്ചത്തില്‍ ഫുട്‌ബോളിന് പുതിയ ചാമ്പ്യന്‍ പിറന്നു. രണ്ടാം ലോകകിരീടത്തില്‍ മുത്തമുട്ടുകൊണ്ട് ഫ്രാന്‍സ് അടുത്ത നാല് വര്‍ഷത്തെ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരുടെ പട്ടം അണിഞ്ഞു. ഫൈനലില്‍ കന്നിക്കാരായ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട തകര്‍ത്തത്.

ക്രൊയേഷ്യയുടെ മരിയോ മന്‍സുക്കിച്ച് സെല്‍ഫ് ഗോളോടെ തുടക്കം കുറിച്ച ഗോള്‍ വേട്ടയില്‍ ഫ്രാന്‍സിനായി പിന്നീട് അന്റോയിന്‍ ഗ്രിസ്മാന്‍, പോള്‍ പോഗ്ബ, കെയിലിന്‍ എംബാപ്പെ എന്നിവര്‍ വലകുലുക്കി. ഇവാന്‍ പെരിസിച്ച്, മരിയോ മന്‍സുകിച്ച് എന്നിവരാണ് ക്രൊയേഷ്യന്‍ ഗോളുകളുടെ അവകാശികള്‍.

മൂന്ന് ലോകകപ്പ് ഫൈനലുകള്‍ കളിച്ച ഫ്രാന്‍സിന്റെ രണ്ടാം ലോകകിരീടമാണിത്. നേരത്തെ 1998 ലാണ് ഫ്രാന്‍സ് ആദ്യമായി ചാമ്പ്യന്‍മാരായത്. 2006 ല്‍ ഫൈനലില്‍ എത്തിയെങ്കിലും ഇറ്റലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയായിരുന്നു. കന്നി ഫൈനല്‍ കളിച്ച ക്രോട്ടുകള്‍ കിരീടത്തോളം പോന്ന രണ്ടാം സ്ഥാനവുമായാണ് മടങ്ങുന്നത്. ഫുട്‌ബോള്‍ ലോകത്തിന് പുതിയ പോരാട്ടവീര്യവും അര്‍പ്പണബോധവും ആത്മസമര്‍പ്പണവും കാട്ടിത്തന്നാണ് ക്രൊയേഷ്യയുടെ മടക്കം.

തോല്‍വിയിലും തലയുയര്‍ത്തി തന്നെയാണ് ക്രൊയേഷ്യയുടെ മടക്കം. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള സുവര്‍ണ പന്ത് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. ടോപ്‌സ്‌കോറര്‍ക്കുള്ള സുവര്‍ണപാദുകം ഇംഗ്ലണ്ടിന്റെ നായകന്‍ ഹാരിയ കെയിനാണ്. ആറു ഗോളുകളാണ് കെയിന്‍ നേടിയത്. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഫ്രാന്‍സിന്റെ പത്തൊന്‍പതുകാരന്‍ കെയ്‌ലിന്‍ എംബാപ്പെയും നേടി.

ലോകകപ്പ് ഫൈനല്‍ പോലൊരു പോരാട്ടത്തില്‍ പ്രകടിപ്പിക്കേണ്ട ആത്മസംയമനവും പരിചയസമ്പത്തും കേളീമികവും അന്യം നിന്നതാണ് ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിവിട്ടത്. ടൂര്‍ണമെന്റില്‍ സെമിഫൈനല്‍ വരെ മികവുറ്റുനിന്ന പ്രതിരോധമ പാടെ പാളി. സെമി വരെ ഒറ്റടീമായി പൊരുതിയ ക്രൊയേഷ്യയുടെ 11 പേരും പക്ഷെ ഫൈനലില്‍ കളത്തില്‍ അവിടെയും ഇവിടെയുമായി ചിന്നിച്ചിതറിയവരെപ്പോലെ കാണപ്പെട്ടു. പ്രതിരോധവും മധ്യനിരയും പാളിയപ്പോള്‍ തുറന്ന് കിട്ടിയ മൈതാനത്ത് ഫ്രാന്‍സ് താരങ്ങള്‍ യഥേഷ്ടം വിഹരിച്ചു, വല നിറച്ചു.

DONT MISS
Top