കെര്‍ബര്‍ക്ക് വിംബിള്‍ഡണ്‍ കിരീടം, സ്റ്റെഫി ഗ്രാഫിന് പിന്‍മുറക്കാരി

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ജര്‍മനിയുടെ പതിനൊന്നാം സീഡ് ആഞ്ജലിക്ക കെര്‍ബറിന്. ഫൈനലില്‍ അമേരിക്കയുടെ ഇരുപത്തിയഞ്ചാം സീഡ് സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കെര്‍ബര്‍ തന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 6-3, 6-3.

ഇതിഹാസതാരം സ്‌റ്റെഫി ഗ്രാഫിന് ശേഷം വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ ജര്‍മന്‍ താരമാണ് കെര്‍ബര്‍. കെര്‍ബറിന്റെ മൂന്നാം ഗ്രാന്റ് സ്ലാം കിരീടമാണിത്. നേരത്തെ 2016 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളും മുപ്പതുകാരിയായ കെര്‍ബര്‍ നേടിയിരുന്നു.

മാതൃത്വത്തെ കിരീടനേട്ടത്തിലൂടെ അവിസ്മരണീയമാക്കാമെന്ന സെറീനയുടെ മോഹമാണ് ലണ്ടനിലെ പുല്‍ക്കോര്‍ട്ടില്‍ കെര്‍ബര്‍ തകര്‍ത്തുകളഞ്ഞത്. മത്സരത്തിലുടനീളം മേധാവിത്വം പ്രകടിപ്പിച്ച ജര്‍മന്‍ താരം മുന്‍ ലോക ഒന്നാം നമ്പറും ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടം ചൂടിയ താരവുമായ സെറീനയെ നിഷ്പ്രഭമാക്കുകയായിരുന്നു.

DONT MISS
Top