പണമിടപാട് സ്ഥാപന ഉടമയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍

കൊല്ലപ്പെട്ട ഷാജു കുരുവിള

കോഴിക്കോട്: പുതുപ്പാടിയില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ ഷാജു കുരുവിളയെ തീ കൊളുത്തി കൊന്ന കേസില്‍ പ്രതി പിടിയില്‍. ആലപ്പുഴ വള്ളിക്കുന്ന് കടുവിനാല്‍ സ്വദേശി സുമേഷ് കുമാറിനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെ മലപ്പുറം താനൂരില്‍ വെച്ചാണ് അറസ്റ്റ്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ പ്രാഥമിക മൊഴി. എന്നാല്‍ കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് ചോദ്യം ചെയ്യലിന് ശേഷമേ വ്യകതമാകൂ.

കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് സ്വര്‍ണം പണയം വെക്കാനെന്ന വ്യാജേന പ്രതി സുമേഷ് കുമാര്‍ ഷാജു കുരുവിളയുടെ സ്ഥാപനത്തിലെത്തിയിരുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ഷാജു കുരുവിള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പൊലീസിന് പ്രതിയെ കണ്ടെത്താന്‍ എളുപ്പമായി.

ജൂലൈ 13 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് പുതുപ്പാടി മലബാര്‍ ഫിനാന്‍സ് ഉടമ ഷാജു കുരുവിളയെ യുവാവ് ഓഫീസില്‍ കയറി പെട്രോളൊഴിച്ച് തീകൊളുത്തിയത്. മുളകുപൊടി വിതറിയ ശേഷമായിരുന്നു ആക്രമണം. 90 ശതമാനം പൊള്ളലേറ്റ ഷാജു കുരുവിള തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

DONT MISS
Top